കാസർകോട്ടെ ‘ടാറ്റാ കോവിഡ് ആശുപത്രി’; 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം; ആശുപത്രിയുടെ നിർമ്മാണത്തിലെ നാൾവഴികൾ അറിയാം

You are currently viewing കാസർകോട്ടെ ‘ടാറ്റാ കോവിഡ് ആശുപത്രി’;  191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം; ആശുപത്രിയുടെ നിർമ്മാണത്തിലെ നാൾവഴികൾ അറിയാം

കാസര്‍കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന് ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറിയ പുതിയ ആശുപത്രിയിലേക്ക് 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രി സഭാ യോഗം തിരുമാനിച്ചു. സൃഷ്ടിക്കുന്ന തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താത്കാലികമായി അല്ലെങ്കില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അടിയന്തരമായി ജീവനക്കാരെ നിയമിക്കുന്നതിനുമാണ് മന്ത്രി സഭാ യോഗം തിരുമാനിച്ചത്.

കോവിഡിന്‍റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി സെപ്റ്റംബര്‍ ഒന്‍പതിനാണ് സര്‍ക്കാരിന് കൈമാറിയത്.

ആശുപത്രിയെ മൂന്ന് സോണുകളായാണ് തിരിച്ചിട്ടുള്ളത്. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ് ക്വാറന്റൈന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ഉള്ളത്.

128 യൂണിറ്റുകളിലായി (കണ്ടെയ്നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മ്മിച്ചിട്ടുള്ളത്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷ്ന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി.

തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ ഭൂമി, ജലം, വൈദ്യുതി തുടങ്ങി ആശുപത്രി നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ് ഒരുക്കി നല്‍കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ എട്ടുകോടിയോളം രൂപ സര്‍ക്കാരാണ് ചിലവഴിച്ചത്. 1.25 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്ക്, ശുചിമുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌കരിക്കാന്‍ തരത്തിലുള്ള 63 ബയോ ഡയജസ്റ്റേര്‍സ്, എട്ട് ഓവര്‍ഫ്‌ലോ ടാങ്കുകള്‍ എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതകളാണ്.

ടാറ്റാ ആശുപത്രി : നാള്‍ വഴികള്‍

2020 ഏപ്രില്‍ ആറ്: മുഖ്യമന്ത്രി പിണറായി വിജയനും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും ടാറ്റാ ആശുപത്രി കാസര്‍കോട് ജില്ലയില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു.

2020 ഏപ്രില്‍ ഏഴ്: ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ആശുപത്രി നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം തെക്കില്‍ വില്ലേജില്‍ കണ്ടെത്തി.

2020 ഏപ്രില്‍ എട്ട്: ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ച സ്ഥലം ആശുപത്രി നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.

2020 ഏപ്രില്‍ ഒമ്പത്: ആശുപത്രി നിര്‍മ്മാണത്തിന്‍റെ തുടക്കമെന്നോണം തെക്കില്‍ വില്ലേജിലെ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചു.

2020 ഏപ്രില്‍ 28: തെക്കില്‍ വില്ലേജിലെ സ്ഥലത്തേക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ റോഡ്, സ്ഥലം നിരപ്പാക്കല്‍ എന്നിവ പൂര്‍ത്തിയാക്കി ആശുപത്രി നിര്‍മ്മാണത്തിനായി സ്ഥലം വിട്ടു നല്‍കുന്നു.

2020 മെയ് 15: ടാറ്റ ആശുപത്രിയുടെ ആദ്യ പ്രീ ഫാബ് സ്ട്രക്ച്ചേര്‍ തെക്കില്‍ വില്ലേജില്‍ സ്ഥാപിച്ചു.

2020 ജൂണ്‍ അഞ്ച്: ലോക പരിസ്ഥിതി ദിനത്തില്‍ ആശുപത്രി കോമ്പൗണ്ട് ഹരിതാഭമാക്കുന്നതിന്‍റെ ഭാഗമായി മരത്തൈകള്‍ നടുന്നതിന് തുടക്കം റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

2020 ജൂലൈ 10 : ടാറ്റാ ആശുപത്രിയുടെ അവസാന പ്രീ ഫാബ് സ്ട്രക്ച്ചറും സ്ഥാപിച്ചു.

2020 സെപ്റ്റംബര്‍ ഒന്‍പത്: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ടാറ്റാ ആശുപത്രി ഉദ്ഘാടനം ചെയ്തു.

2020 സെപ്റ്റംബര്‍ 24 ആരോഗ്യവകുപ്പിലെ വിദഗ്ദര്‍ ആശുപത്രി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി.

2020 സെപ്റ്റംബര്‍ 30: ടാറ്റാ കോവിഡ് ആശുപത്രിയില്‍ പുതിയതായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രി സഭാ യോഗം തിരുമാനിച്ചു.

0Shares