
സ്വർണക്കടത്ത് കേസിൽ പങ്കുളളവരെക്കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് സ്വപ്‌ന സുരേഷ്. എം ശിവശങ്കറിൻ്റെ നിർദേശപ്രകാരം വിദേശത്തേക്ക് കറൻസി കടത്തിയെന്നും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും അറിയാമെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
2016ൽ മുഖ്യമന്ത്രി വിദേശത്ത് ആയിരുന്നപ്പോൾ ബാഗേജ് ക്ലിയറൻസിന് ശിവശങ്കർ വിളിച്ചു. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുവെന്നും ഉടനെ അത് ദുബൈയിൽ എത്തിക്കണമെന്നുമായിരുന്നു ശിവവശങ്കറിൻ്റെ ആവശ്യം. ഇതനുസരിച്ച് ഒരു നയന്ത്രപ്രതിനിധിയുടെ കൈവശം ബാഗ് ദുബൈയിൽ എത്തിക്കുകയായിരുന്നു.

ആ ബാഗ് സ്‌കാൻ ചെയ്യവെയാണ് അതിൽ കറൻസിയാണെന്ന് മനസിലായതെന്നും സ്വപ്‌ന പറഞ്ഞു. എന്ത് കറൻസിയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സ്വപ്‌ന സുരേഷ് മറുപടി പറഞ്ഞില്ല.
മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോൺസുൽ ജനറൽ സാധനങ്ങൾ കൊടുത്തയച്ചു. വലിയ ഭാരമുള്ള ബിരിയാണിപ്പാത്രങ്ങൾ കോൺസുൽ ജനറൽ ക്ലിഫ് ഹൗസിൽ എത്തിച്ചുവെന്നും ബിരിയാണിപ്പാത്രങ്ങളിൽ ഭാരമുള്ള മറ്റ് ലോഹവസ്തുക്കൾ ഉണ്ടായിരുന്നുവെന്നും സ്വപ്‌ന പറഞ്ഞു. പാത്രങ്ങൾ ക്ലിഫ് ഹൗസിലെത്തിച്ചത് ജവഹർ നഗറിലെ കോൺസുൽ ജനറലിൻ്റെ വീട്ടിൽ നിന്നാണെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് വസ്തുതകളെല്ലാം അറിയാമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
