Trending News





ന്യൂഡല്‍ഹി: മുഹമ്മദ് നിഷാം പ്രതിയായ ചന്ദ്രബോസ് വധക്കേസ് ഭയാനകമായ അപകട കേസാണെന്ന് സുപ്രീം കോടതി. നിഷാമിന്‍റെത് വെറും വാഹനാപകട കേസ് മാത്രമാണെന്നും എന്തിനാണ് കൊലക്കുറ്റം ചുമത്തിയതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് എ.എസ് ബൊപ്പണ്ണയുടെ സുപ്രധാന നിരീക്ഷണം.
Also Read
അതേസമയം, നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ അപ്പീല്‍ ഒരു മാസത്തിന് ശേഷം അന്തിമ വാദം കേള്‍ക്കുന്നതിനായി സുപ്രീം കോടതി മാറ്റിവെച്ചു. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത് ഒരു മാസത്തേക്ക് മാറ്റിയത്. നിഷാം നല്‍കിയ ജാമ്യാപേക്ഷയും അന്തിമ വാദം കേള്‍ക്കുന്ന സമയത്ത് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഒമ്പത് വര്‍ഷമായി ജയിലില്‍ കഴിയുന്ന നിഷാമിന് ഒരുമാസം മാത്രമാണ് പരോള്‍ ലഭിച്ചതെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേസില്‍ അന്തിമ വാദം കേള്‍ക്കുമ്പോള്‍ ജാമ്യാപേക്ഷയും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. മുകുള്‍ റോത്തഗിക്ക് പുറമെ അഭിഭാഷകൻ ഹാരിസ് ബീരാനും നിഷാമിന് വേണ്ടി ഹാജരായി. സീനിയര്‍ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജൻ ഷൊങ്കര്‍ എന്നിവരാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി കോടതിയിൽ എത്തിയത്.
2015 ജനുവരി 29 പുലര്‍ച്ചെ 3.15ന് ആണ് കേസിന് ആസ്‌പദമായ സംഭവം. ശോഭാ സിറ്റിയിലേക്കെത്തിയ മുഹമ്മദ് നിസാമിന്‍റെ ഹമ്മര്‍ കാറിന് കടന്നു പോകാൻ ഗേറ്റ് തുറക്കാൻ വൈകിയ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടശാംകടവ് കാരമുക്ക് കാട്ടുങ്ങല്‍ ചന്ദ്രബോസിന് നിസാമിന്‍റെ ക്രൂരമര്‍ദനം ഏല്‍ക്കുകയായിരുന്നു. ജീവന് വേണ്ടി ശോഭാ സിറ്റിക്കുള്ളിലെ ജലധാരയിലേക്ക് ഓടിക്കയറിയ ചന്ദ്രബോസിനെ ഹമ്മറില്‍ പിന്തുടര്‍ന്ന നിസാം കാറിടിച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

Sorry, there was a YouTube error.