Categories
Kerala news

വധശിക്ഷയല്ല, ജയിലില്‍ കിടന്ന് നരകിക്കണം എന്നായിരുന്നു ആഗ്രഹം; ചന്ദ്രബോസ് വധക്കേസ് വിധിയില്‍ സന്തോഷമെന്ന് കുടുംബം

ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ച്‌ വീഴ്ത്തുകയായിരുന്നു

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിൻ്റെ അപ്പീല്‍ ഹൈക്കോടതി തള്ളിയതില്‍ സന്തോഷമുണ്ടെന്ന് ചന്ദ്രബോസിൻ്റെ ഭാര്യ ജമന്തി. ശിക്ഷ റദ്ദാക്കണമെന്ന നിഷാമിൻ്റെ അപ്പീല്‍ തള്ളിയ ഡിവിഷന്‍ ബെഞ്ച് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷ ശരിവച്ചിരുന്നു.

‘പലതവണ കോടതികള്‍ മാറിമാറി കയറിയിറങ്ങി. അവസാന നിമിഷമാണ് വിധിയില്‍ പ്രതീക്ഷയുണ്ടായി തുടങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥരെല്ലാം പിന്തുണ നല്‍കി.

കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്. ആശുപത്രിക്കാരുടെ കുറ്റമാണ് മരണ കാരണമെന്നടക്കം കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടന്നിരുന്നു. വധശിക്ഷയല്ല, ജയിലില്‍ കിടന്ന് ശിക്ഷയനുഭവിച്ച്‌ നരകിക്കണം എന്നായിരുന്നു ആഗ്രഹം.’- ജമന്തി പറഞ്ഞു.

2015 ജനുവരി 29ന് അറസ്റ്റിലായ നിഷാമിന് തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തത്തിന് പുറമേ 24 വര്‍ഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതാണ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.

ഗേറ്റ് തുറക്കാന്‍ വൈകിയതും, വാഹനം തടഞ്ഞ് ഐ.ഡി കാര്‍ഡ് ചോദിച്ചതിലും പ്രകോപിതനായാണ് തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ നിഷാം ആക്രമിച്ച്‌ കൊലപ്പെടുത്തിയത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ച്‌ വീഴ്ത്തുകയായിരുന്നു. വീണ് കിടന്ന ഇയാളെ നിഷാം എഴുന്നേല്‍പ്പിച്ച്‌ പാര്‍ക്കിംഗ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചാണ് കൊലപ്പെടുത്തിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest