ലോക്‌സഭ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടരുന്നു, പത്രിക സമർപ്പിക്കുന്നതിന് സ്വതന്ത്രവും നീതിയുക്തവും നിഷ്‌പക്ഷവുമായ നടപടികളാണ്: വരണാധികാരി കെ.ഇമ്പശേഖര്‍

You are currently viewing ലോക്‌സഭ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടരുന്നു, പത്രിക സമർപ്പിക്കുന്നതിന് സ്വതന്ത്രവും നീതിയുക്തവും നിഷ്‌പക്ഷവുമായ നടപടികളാണ്: വരണാധികാരി കെ.ഇമ്പശേഖര്‍

കാസര്‍കോട്: ലോക്‌സഭാ മണ്ഡലത്തില്‍ ബുധനാഴ്ച്ച അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ബുധനാഴ്‌ച അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

എം.വി ബാലകൃഷ്‌ണന്‍ (സി.പി.ഐ.എം), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സി.എച്ച് കുഞ്ഞമ്പു (സി.പി.ഐ.എം) കെ.മനോഹരന്‍ (സ്വതന്ത്രന്‍), വി.രാജേന്ദ്രന്‍ (സ്വതന്ത്രന്‍) എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എം.വി ബാലകൃഷ്ണന്‍, കെ.മനോഹരന്‍ എന്നിവര്‍ കാസര്‍കോട് പാര്‍ലമെണ്ട് മണ്ഡലം വരണാധികാരി കെ.ഇമ്പശേഖര്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സി.എച്ച് കുഞ്ഞമ്പു, വി.രാജേന്ദ്രന്‍ എന്നിവര്‍ എ.ആര്‍.ഒ ഡപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) പി.ഷാജു മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. 2024 പൊതു തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഇതുവരെ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പത്ത് സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. വ്യാഴാഴ്‌ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ നടപടികളാണ് നടപ്പിലാക്കി വരുന്നതെന്ന് വരണാധികാരിയും കാസർകോട് ജില്ലാ കളക്ടറുമായ കെ.ഇമ്പശേഖർ പറഞ്ഞു.

നാമനിർദ്ദേശ പത്രിക ഏപ്രിൽ നാലിന് വൈകുന്നേരം മൂന്നുമണിവരെ സ്വീകരിക്കുമെന്നും കൂടുതൽപേർ ഒന്നിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അതത് ദിവസം രാവിലെ പത്ത് മണിയ്ക്ക് ജില്ലാ കളക്ടർ ആൻഡ് ജില്ലാ ഇലക്ഷൻ ഓഫീസറുടെ ചേമ്പറിന് മുന്നിൽ സജ്ജീകരിച്ചിട്ടുള്ള ഹെൽപ്പ് ഡെസ്‌കിൽ നിന്നും ടോക്കൺ നൽകുന്നതായിരിക്കും വാർത്താ കുറിപ്പിൽ അറിയിച്ചു. സ്ഥാനാർത്ഥി അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ നാമനിർദ്ദേശകൻ നാമനിർദ്ദേശ പത്രിക സഹിതം ഹാജരായി ടോക്കൺ കൈപ്പറ്റണമെന്ന് വരണാധികാരി വ്യക്തമാക്കിയിരുന്നു.

ഇതുപ്രകാരം ബുധനാഴ്‌ച രാവിലെ ഏഴ് മണി 06 മിനുട്ട്:22 സെക്കണ്ടിന് സ്ഥാനാർത്ഥി എം.വി ബാലകൃഷ്‌ണൻ്റെ നിർദ്ദേശകൻ അസീസ് കടപ്പുറവും രാവിലെ എട്ട് മണി 55 മിനുട്ട്:45സെക്കണ്ടിന് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനും ജില്ലാകളക്ടറുടെ ചേമ്പറിന് മുന്നിൽ എത്തി. നേരത്തേ വാർത്താ കുറിപ്പിൽ അറിയിച്ചത് പ്രകാരം രാവിലെ 10 മണിക്ക് ടോക്കൺ വിതരണം ആരംഭിച്ചു.

ഒന്നാം ടോക്കൺ ആദ്യം എത്തിയ അസീസ് കടപ്പുറത്തിന് നൽകി. രണ്ടാമതെത്തിയ രാജ് മോഹൻ ഉണ്ണിത്താന് രണ്ടാം ടോക്കൺ അനുവദിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. രാവിലെ ടോക്കൺ സ്വീകരിക്കാനെത്തിയ വ്യക്തികളുടെ ദൃശ്യങ്ങൾ സി.സി.ടി.വി ഫൂട്ടേജിൽ വളരെ വ്യക്തമാണെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വരണാധികാരി അറിയിച്ചു.

0Shares