കേന്ദ്ര ഏജൻസി അന്വേഷണം 25 പ്രതിപക്ഷ നേതാക്കൾക്ക് എതിരെ; 23 പേരും ബി.ജെ.പിയിൽ എത്തി, അന്വേഷണം മരവിച്ചു, സി.ബി.ഐയും ഇ.ഡിയും നടപടി സ്വീകരിച്ച നേതാക്കളിൽ 95 ശതമാനവും പ്രതിപക്ഷത്ത് നിന്നായിരുന്നു
വാഷിങ് മെഷീൻ എന്നാണ് ഇതിനെ പ്രതിപക്ഷം കളിയാക്കിയും വിമർശിച്ചും വിശേഷിപ്പിക്കുന്നത്
Trending News





ന്യൂഡൽഹി: ഒന്നാം മോദി സർക്കാർ 2014ൽ അധികാരത്തിലേറിയ ശേഷം രാജ്യത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തത് പ്രതിപക്ഷത്തെ 25 നേതാക്കൾക്കെതിരെ. എന്നാൽ ഇതിൽ 23 നേതാക്കൾക്കെതിരായ കേസുകളും ഒന്നുകിൽ അവസാനിപ്പിക്കുകയോ അല്ലെങ്കിൽ അന്വേഷണം മരവിപ്പിക്കുകയോ ചെയ്ത നിലയിലാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഈ അന്വേഷണങ്ങൾ കോൺഗ്രസിൽ നിന്നുള്ള 10 ഉം എൻ.സി.പിയിലെ നാലും ശിവസേനയിലെ നാലും തൃണമൂൽ കോൺഗ്രസിലെ മൂന്നും ടി.ഡി.പിയിലെ രണ്ടും സമാജ്വാദി പാർട്ടിയുടെയും വൈ.എസ്.ആർ കോൺഗ്രസിൻ്റെയും ഓരോ നേതാക്കൾക്കും എതിരെയായിരുന്നു.
Also Read
എന്നാൽ അന്വേഷണം നേരിട്ടവരിൽ 23 പേരുടെയും രാഷ്ട്രീയ നിലപാട് മാറ്റം അന്വേഷണം മരവിപ്പിക്കുന്നതിലേക്കും അവസാനിപ്പിക്കുന്ന അതിലേക്കും നയിച്ചു. മൂന്ന് കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചു. 20 എണ്ണം മരവിപ്പിച്ചു. അതിൽ തന്നെ അന്വേഷണം നേരിടുന്നവരിൽ ആറ് നേതാക്കൾ കഴിഞ്ഞ ആറ് മാസത്തിനിടെ ബി.ജെ.പിയിൽ ചേർന്നവരാണ്. എൻ.ഡി.എ അധികാരത്തിലെത്തിയ ശേഷം സി.ബി.ഐയും ഇ.ഡിയും നടപടി സ്വീകരിച്ച നേതാക്കളിൽ 95 ശതമാനവും പ്രതിപക്ഷത്ത് നിന്നായിരുന്നു.
അജിത് പവാർ, പ്രഫുൽ പട്ടേൽ, ഹിമന്ത ബിശ്വ ശർമ എന്നിവരെ കൂടാതെ പ്രതാപ് സർ നായക്, ഹസൻ മുഷ്രിഫ്, ഭാവന ഗവാലി, യാമിനി യാദവ്, ഭർത്താവ് യശ്വന്ത് യാദവ്, സി.എം രമേഷ്, രണിന്ദർ സിങ്, സഞ്ജയ് സേത്, കെ ഗീത, സോവൻ ചാറ്റർജി, ഛഗൻ ഭുജ്ബാൽ, കൃപാശങ്കർ സിങ്, ദിഗംബർ കാമത്ത്, നവീൻ ജിൻഡൽ, തപസ് റോയ്, ഗീത കോഡ, ബാബ സിദ്ധിഖി, കോൺഗ്രസ് നേതാവായിരുന്ന ജ്യോതി മിർധ, സുജന ചൗധരി എന്നിവരാണ് വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ വിട്ട് ബി.ജെ.പിയിൽ ചേർന്നത്.
വാഷിങ് മെഷീൻ എന്നാണ് ഇതിനെ പ്രതിപക്ഷം കളിയാക്കിയും വിമർശിച്ചും വിശേഷിപ്പിക്കുന്നത്. അഴിമതി ആരോപണം നേരിടുന്ന പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറുന്നതോടെ അന്വേഷണങ്ങൾ നിലയ്ക്കുന്നുവെന്നാണ് ഇതിലൂടെ അർഥമാക്കുന്നത്. എന്നാലിത് ആദ്യത്തെ സംഭവവുമല്ല.

രണ്ടാം യു.പി.എ സർക്കാരിൻ്റെ അധികാര കാലത്ത് 2009ൽ ഉത്തർപ്രദേശിലെ നേതാക്കളായ മുലായം സിങ് യാദവ്(എസ്.പി), മായാവതി (ബി.എസ്.പി) എന്നിവർക്കെതിരെ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇരു പാർട്ടികളും യു.പി.എയുടെ ഭാഗമായതോടെ ആയിരുന്നു ഇത്. എന്നാൽ ഇപ്പോഴത്തെ കേന്ദ്ര ഏജൻസികളുടെ നടപടിയിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 2022 ലും 2023 ലും സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ കോളിളക്കങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസികളുടെ നടപടികൾ വിലയിരുത്തേണ്ടത്.
മഹാരാഷ്ട്രയിൽ ഭൂരിപക്ഷം നേടി ഭരിച്ചിരുന്ന മഹാ അഖാഡി സഖ്യം അധികാരത്തിൽ നിന്ന് പുറത്തായത് ഇതിന് പിന്നാലെയായിരുന്നു. ശിവസേനയിൽ നിന്ന് ഏക്നാഥ് ഷിൻഡെ ഭൂരിപക്ഷം എം.എൽ.എമാരെയും കൂട്ടി എൻ.ഡി.എ സഖ്യത്തിലേക്ക് ചേർന്ന് മുഖ്യമന്ത്രിയായത് 2022 ലാണ്. തൊട്ടടുത്ത വർഷം എൻ.സി.പിയെ പിളർത്തി അജിത് പവാർ വിഭാഗവും എൻ.ഡി.എയിലെത്തി. ഇതിന് പിന്നാലെ എൻ.സി.പിയിലെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേലിനും അജിത് പവാറിനും എതിരായ കേസുകളിൽ നടപടികൾ അവസാനിപ്പിച്ചു. 25 പേരുടെ പട്ടികയിൽ മഹാരാഷ്ട്രയിൽ നിന്ന് മാത്രം ഉൾപ്പെട്ട 12 പേരും ഇപ്പോൾ ബി.ജെ.പിയിലാണ്. ഇവരിൽ 11 പേരും 2022 ലാണ് താമര ചിഹ്നം നെഞ്ചേറ്റിയത്. അതിൽ എൻ.സി.പി, ശിവസേന, കോൺഗ്രസ് എന്നിവയിൽ നിന്ന് നാല് വീതം നേതാക്കളാണ് ബി.ജെ.പിയിലെത്തിയത്.
അജിത് പവാറിനെതിരായ കേസ് മഹാരാഷ്ട്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം 2020ൽ മഹാ വികാസ് അഖാഡി സഖ്യം അധികാരത്തിൽ എത്തിയപ്പോൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ ബി.ജെ.പി സഖ്യ സർക്കാർ 2022ൽ അധികാരം പിടിച്ചപ്പോൾ കേസിൽ അന്വേഷണം പുനരാരംഭിച്ചു. എന്നാൽ പവാർ എൻ.ഡി.എയിൽ എത്തിയതോടെ കേസ് വീണ്ടും അവസാനിപ്പിച്ചു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി ഇ.ഡി രജിസ്റ്റർ ചെയ്ത കേസും മരവിപ്പിച്ച നിലയിലാണ്.
നാരദ സ്റ്റിങ് ഓപറേഷൻ കേസിൽ തൃണമൂൽ എം.പിയായിരുന്ന സുവേന്ദു അധികാരിക്കെതിരെ 2019ൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ ഇനിയും നടപടിയെടുത്തിട്ടില്ല. 2020ൽ ഇദ്ദേഹം ബി.ജെ.പിയിൽ ചേരുകയും ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ എന്നിവർക്കെതിരായ കേസുകളും നിശ്ചലമാണ്. 2014ൽ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്തായിരുന്ന ഹിമന്ത ബിശ്വ ശർമ്മക്കെതിരെ സി.ബി.ഐ അന്വേഷണം 2015ൽ അദ്ദേഹം ബി.ജെ.പിയിൽ ചേർന്ന ശേഷം ഇതുവരെ അനങ്ങിയിട്ടില്ല.
ആദർശ് ഹൗസിങ് തട്ടിപ്പ് കേസാണ് അശോക് ചവാനെതിരെ രജിസ്റ്റർചെയ്തിരിക്കുന്നത്. ഈ കേസിൽ സി.ബി.ഐ- ഇ.ഡി നടപടികൾക്കെതിരെ സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ് നിലവിലുണ്ട്. ഇദ്ദേഹമാകട്ടെ ഈ വർഷം ബി.ജെ.പിയിൽ ചേർന്നു. എന്നാൽ ഈ നിലയിൽ കേസന്വേഷണങ്ങൾ നിലയ്ക്കുന്നുവെന്ന ആരോപണങ്ങളോട് സി.ബി.ഐയോ ഇ.ഡിയോ ആദായ നികുതി വകുപ്പോ പ്രതികരിച്ചിട്ടില്ലെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നത്.

Sorry, there was a YouTube error.