അന്തിമമാണ്, വിധികർത്താക്കളുടെ തീരുമാനം; സ്കൂൾ കലോത്സവ നാടക വേദിയിൽ ശക്തമായ പ്രമേയങ്ങൾ, ഞങ്ങൾ തൊട്ടാവാടികൾ അല്ലെന്ന് ഒന്നാംസ്ഥാനക്കാർ

You are currently viewing അന്തിമമാണ്, വിധികർത്താക്കളുടെ തീരുമാനം; സ്കൂൾ കലോത്സവ നാടക വേദിയിൽ ശക്തമായ പ്രമേയങ്ങൾ, ഞങ്ങൾ തൊട്ടാവാടികൾ അല്ലെന്ന് ഒന്നാംസ്ഥാനക്കാർ

പീതാംബരൻ കുറ്റിക്കോൽ

നീലേശ്വരം / കാസർകോട്: മികച്ച നടീനടൻമാരുടെ മാറ്റുരക്കൽ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ കാണാൻ കഴിഞ്ഞതായി വിധികർത്താക്കൾ. കാസർകോട് റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിലാണ് വ്യത്യസ്ത നാടക സങ്കേതങ്ങൾ കുട്ടികൾ പരീക്ഷിച്ചത്. എന്നിരുന്നാലും കൗമാര മനസിന്റെ ചിന്തകൾ എന്നതിലുപരി നാടക പരീശീലകരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിനയ സങ്കല്പങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഭാവിയിൽ കുട്ടികൾക്ക് ദോഷം ചെയ്തേക്കാം എന്നും അഭിപ്രായമുയർന്നു.

തൊട്ടാവാടി ചെടികൾ അല്ല നമുക്ക് വേണ്ടത്; കാമ്പും കരുത്തുമുള്ള കാതൽ മരങ്ങളാണെ…

ജി.വി.എച്ച്.എസ് ഇരിയണ്ണിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘അടുപ്പത്തിലാണ് ഒരു അടുപ്പ്’ എന്ന നാടകം എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. ഇതേ നാടകത്തിൽ വേഷമണിഞ്ഞ തന്മയ, നിതീന എന്നിവരെ മികച്ച നടിമാരായും തിരഞ്ഞെടുത്തു.

നല്ല നടിമാരായ തന്മയ, നിതീനയും നല്ല നടനായ ജോൺസൺ എം.എം

ചിറ്റാരിക്കാൽ സെന്റ് മേരീസ് ഇ.എം.എച്ച്.എസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ഒരു പളുങ്കൂസൻ സ്വർണ്ണകഥ’ എന്ന നാടകത്തിൽ പ്രധാന വേഷം ചെയ്ത ജോൺസൺ എം.എമ്മിനെ മികച്ച നടനായി തിരഞ്ഞെടുത്തു. മത്സരിച്ച 11 നാടകങ്ങളിൽ ഭൂരിഭാഗവും ‘എ ഗ്രേഡ്’ നേടി. സബ് ജില്ലകളിൽ നിന്നും അപ്പീലിലൂടെയും നാടകങ്ങൾ മത്സരത്തിന് എത്തിയിരുന്നു.

സാംസ്കാരിക കേരളത്തിന് മികച്ച സംഭാവന നൽകാൻ കഴിയുന്ന കലാകാരൻമാരെ വാർത്തെടുക്കാൻ ഇനിയും നാടക മത്സരങ്ങൾ മാറേണ്ടിയിരിക്കുന്നു എന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. അങ്ങനെയുള്ള പ്രതിഭകളെ കലയുടെ വഴികളിലൂടെ തന്നെ കാലമെത്ര കഴിഞ്ഞാലും ആൺ-പെൺ കുട്ടികൾക്ക് അഭിനയ വഴിയിലൂടെ മുന്നോട്ട് പോകാൻ നാം വഴികാട്ടികളായി മാറണമെന്ന് വിധികർത്താക്കളിൽ ഒരാളായ ഷിനിൽ ചാനൽ ആർ.ബിയോട് പറഞ്ഞു.

തങ്ങൾക്ക് മനസ്സിലാക്കുന്ന ആത്മാവിൽ തട്ടിയുള്ള കളികൾക്ക് ആത്മാർത്ഥതയും മന:സാന്നിധ്യവും ആവിഷ്കാര സൗന്ദര്യവും കൂട്ടുമെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ഒന്നിലധികം അവതരണങ്ങൾ മത്സരത്തിൽ കാണാനിടയായി. യൂട്യൂബ് കോപ്പി പേസ്റ്റും പരിശീലകൻ ഇല്ലാതെ കുട്ടികളെ നാടകമെന്ന് തെറ്റിദ്ധരിപ്പിച്ച് വേഷം കെട്ടിച്ച് കൊണ്ടുവന്ന അധ്യാപകരോടും അതിന് വിട്ടുകൊടുത്ത രക്ഷിതാക്കളോടുമുള്ള പ്രതിഷേധവും അറിയിക്കുന്നു. എല്ലാ മക്കളും മിടുക്കന്മാരും മിടുക്കികളും ആയിരുന്നു. അഭിനന്ദനങ്ങൾ.

വിധികർത്താക്കൾ ഇവർ

കണ്ണൂർ പയ്യന്നൂർ സ്വദേശിയായ മഞ്ജുളൻ.കെ.വി: നടൻ, സംവിധായകൻ, അഭിനയ പരിശീലകൻ എന്നിങ്ങനെ പ്രവർത്തിച്ചു വരുന്നു. സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിൽ ഒന്നാം റാങ്കോടെ ബിരുദം നേടി. ക്ലാസിക്കൽ ഇന്ത്യൻ തിയേറ്ററിൽ ബിരുദാനന്തര ബിരുദം. 1997ൽ കാലിക്കറ്റ് സർവകലാശാലയുടെ ജി.ശങ്കരപ്പിള്ള എൻഡോവ്‌മെന്റ് അവാർഡ്. 1998, 2013 വർഷങ്ങളിൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച സംവിധായകനുള്ള അവാർഡ്. 2000ൽ മികച്ച നടനുള്ള അവാർഡ്. 2002ൽ കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വകുപ്പിൻ്റെ ഫെലോഷിപ്പ്.

ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രധാന അഭിനയ ശിൽപശാലകൾ നടത്തി.
അപരിജിതൻ, ഡിസംബർ, വധക്രമം, പ്രജാപതി, ഭാഗ്യദേവത, പ്രതിഭാസം, ഘരം തുടങ്ങിയ സിനിമകളിലെ അവിസ്മരണീയമായ വേഷങ്ങളണിഞ്ഞു. അദ്ദേഹത്തിൻ്റെ തത്സമയ സോളോ പ്രകടനം ലോകമെമ്പാടും 2000ത്തോളം വേദികളിൽ അരങ്ങേറി.

വടകര, കുരിക്കിലാട്, കളിപ്പുരയിൽ ഷിനിൽ എൻ.പി: തൃശൂർ സ്കൂൾ ഡ്രാമയിൽ നിന്നും കുട്ടികളുടെ നാടകത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫിലും നേടിയിട്ടുണ്ട്. കുട്ടികൾക്ക് വേണ്ടി ക്യൂട്ട് (ചിൽഡ്രൻസ് യൂണിറ്റ് ഫോർ തിയറ്റർ എക്സ്പിരിമെന്റ്) എന്ന തിയറ്റർ ഗ്രൂപ്പ് നടത്തിവരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി കുട്ടികൾക്ക് വേണ്ടി നിരവധി തിയറ്റർ വർക്ക് ഷോപ്പുകൾ നടത്തിവരികയാണ്. കുട്ടികൾക്കുവേണ്ടി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്നുണ്ട്. അമേച്വർ നാടകങ്ങളിൽ നടനായും സംവിധായകനായും പ്രവർത്തിക്കുന്നു. ആറുവർഷം കൊല്ലം കാളിദാസ കലാകേന്ദ്രത്തിൽ പ്രൊഫഷണൽ നാടക നടനായി പ്രവർത്തിച്ചു.

2018ൽ കേരള സർക്കാരിൻ്റെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബാലൻ.കെ നായർ പുരസ്കാരം, അഡ്വ. രാമചന്ദ്രൻ പുരസ്കാരം, തൃശൂർ ഫാസ് പുരസ്കാരം, എഫാസ് പുരസ്കാരം, ടാസ് പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു. പ്രൊഫഷണൽ നാടകങ്ങളും അമ്പതിൽപരം അമേച്ചർ നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഭരത് മുരളി നാടകോത്സവത്തിൽ കല അബുദാബിക്ക് വേണ്ടി നാടകങ്ങൾ ചെയ്തിട്ടുണ്ട്. സാംസ്കാരിക വകുപ്പിൻ്റെ വജ്രജൂബിലി നാടക അധ്യാപകനായി പ്രവർത്തിക്കുന്നു.

ഐ.ഡി. രഞ്ജിത്: നാടക രചയിതാവ്, സംവിധായകൻ, സിനിമ അസ്സോസിയേറ്റ് ഡയറക്ടർ, തൃശൂർ തളിക്കുളം കേന്ദ്രമായി പ്രവർത്തിക്കുന്ന തയ്യർ തീയത്രോ എന്ന കുട്ടികളുടെ നാടക സംഘത്തിൻ്റെ ഡയറക്ടർ. മഹാകവി കെ.എസ്.കെ സ്മാരക ട്രസ്റ്റ് ചെയർമാനാണ്.

0Shares