
ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിക്ക് മിന്നും ജയം. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച കോട്ടയം സ്വദേശി സോജന്‍ ജോസഫാണ് വിജയിച്ചത്. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് 1779 വോട്ടുകൾക്ക് സോജന്‍ പരാജയപ്പെടുത്തിയത്. ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുപ്പെടുന്ന ആദ്യ മലയാളിയാണ്.

49 കാരനായ സോജന്‍ ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്. പൊതുവേ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് ആഷ്‌ഫോര്‍ഡ്. അവിടെയാണ് മലയാളിയായ സോജന്‍ ജോസഫ് മിന്നും വിജയം കരസ്ഥമാക്കിയത്. പ്രാദേശിക ജനതയുടെ പിന്തുണകൂടി ഉണ്ടങ്കിലേ ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ വിജയിക്കാനാവു. അതിനാൽ ബ്രിട്ടീഷ് പൗരന്മാർക്ക് സ്വീകാര്യനായ വ്യക്തിയായി സോജന്‍ മാറി എന്നതാണ് ഈ വിജയം വ്യക്തമാക്കുന്നത്. നിലവില്‍ എയില്‍സ്‌ഫോര്‍ഡിനെയും ഈസ്റ്റ് സ്‌റ്റോര്‍ വാര്‍ഡിനെയും പ്രതിനിധീകരിക്കുന്ന ബറോ കൗണ്‍സിലറാണ് സോജന്‍ ജോസഫ്.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ രാഷ്ട്രീയത്തിലും സജീവമാകുകയായിരുന്നു സോജന്‍. ഇന്ത്യയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം 2001 ലാണ് സോജന്‍ ഡോസഫ്, ജോലിക്കായി ബ്രിട്ടനിലെത്തുന്നത്. വില്യം ഹാര്‍വെ ഹോസ്പിറ്റലില്‍ മാനസികാരോഗ്യ വിഭാഗത്തില്‍, മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് ആയിട്ടാണ് ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ആഷ്‌ഫോര്‍ഡിലേക്ക് മാറി. 2015 ലാണ് സോജന്‍ ജോസഫ് ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്.
