
ഇന്ത്യയില്‍ പിടിമുറുക്കുന്ന ഇസ്ലാമോഫോബിയ വിഷയം നരേന്ദ്ര മോദിയോട് ഉന്നയിക്കാന്‍ ബോറിസ് ജോന്‍സനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം. ബ്രാഡ്ഫോഡ് വെസ്റ്റ് എം.പിയും ലേബര്‍ പാര്‍ട്ടി അംഗവുമായ നാസ് ഷായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ രാജ്യത്തെ മുസ്‌ലിങ്ങൾക്കെതിരായ അതിക്രമങ്ങള്‍ അക്കമിട്ട് നിരത്തി രംഗത്തെത്തിയിരിക്കുന്നത്.
ആള്‍ക്കൂട്ടക്കൊല, ഹിജാബ് വിലക്ക്, ബുള്‍ഡോസര്‍ രാഷ്ട്രീയം അടക്കമുള്ള വിഷയങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുള്ള ട്വീറ്റ് പരമ്പരയിലൂടെയാണ് നാസ് ഷാ ബോറിസ് ജോന്‍സനെ ടാഗ് ചെയ്ത് അടിയന്തര ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്.
”കേവലം വ്യാപാര, രാജ്യാന്തര വിഷയങ്ങളെ അടിസ്ഥാനമാക്കി മാത്രമല്ല, മനുഷ്യാവകാശ പ്രശ്നങ്ങള്‍കൂടി ആധാരമാക്കി വേണം നമ്മുടെ രാജ്യത്തിൻ്റെ വിദേശബന്ധങ്ങളെന്നാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന ബോറിസ് ജോണ്‍സന് എനിക്കു നല്‍കാനുള്ള സന്ദേശം. വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ വിഷയം മോദിയോട് ഉന്നയിക്കണമെന്നാണ് പ്രധാനമന്ത്രിയോട് എനിക്ക് അപേക്ഷിക്കാനുള്ളത്.”- നാസ് ഷാ ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ മുസ്‌ലിങ്ങൾക്കെതിരെ അനുദിനം വര്‍ധിച്ചുവരുന്ന വിദ്വേഷത്തിൻ്റെയും ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും വേലിയേറ്റം ആശങ്കാജനകമാണെന്നും അവര്‍ കുറിച്ചു. റുവാണ്ട വംശഹത്യയുടെ പ്രാരംഭ സൂചനകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഡോ. ഗ്രിഗറി സ്റ്റാന്റണ്‍ ഇപ്പോള്‍ ഇന്ത്യയിലും കശ്മീരിലും വംശഹത്യയുടെ പ്രാരംഭ ലക്ഷണങ്ങളും പ്രക്രിയകളും കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മുസ്‌ലിങ്ങളെ തല്ലുന്നതും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും തല്ലിക്കൊല്ലുന്നതുമെല്ലാം ഇന്ത്യയില്‍ ഒരു പതിവായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ‘വിദ്വേഷ കുറ്റകൃത്യങ്ങളു’ടെ കണക്കെടുത്ത ഒരു വസ്തുതാ പരിശോധനാ വെബ്‌സൈറ്റ് (2019) റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ (ഇത്തരം സംഭവങ്ങള്‍ക്ക്) ഇരകളായവരില്‍ 90 ശതമാനത്തിലധികവും മുസ്‌ലിങ്ങളാണെന്നാണെന്നും ബി.ബി.സി റിപ്പോര്‍ട്ട് പങ്കുവച്ച് അവര്‍ ചൂണ്ടിക്കാട്ടി.
