
യു.പിയിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇ.ഡി കേസിലെ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായി.സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും.യു.എ.പി.എ കേസിൽ സുപ്രിംകോടതിയും ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയിൽ മോചനം സാധ്യമായത്.
രണ്ട് വർഷം മുൻപാണ് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് യു.എ.പി.എ കേസിൽ സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയത്. ഡിസംബറിൽ അലഹബാദ് ഹൈക്കോടതി ഇഡി കേസിലും ജാമ്യം നൽകി. ഹാഥ്റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ 2020 ഒക്ടോബർ അഞ്ചിന് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു.എ.പി.എ ചുമത്തിയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി രണ്ട് വർഷവും മൂന്ന് മാസവും പൂർത്തിയാകുമ്പോഴാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചനത്തിന് സാഹചര്യം ഒരുങ്ങുന്നത്.
