ചന്ദ്രയാൻ-3 ഓഗസ്റ്റ് 23ന് ചന്ദ്രനിൽ ഇറങ്ങും; റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ-25 പരാജയപ്പെട്ടു

You are currently viewing ചന്ദ്രയാൻ-3 ഓഗസ്റ്റ് 23ന് ചന്ദ്രനിൽ ഇറങ്ങും; റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ-25 പരാജയപ്പെട്ടു

ബംഗളൂരു: റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ-25 പരാജയപ്പെട്ടു. ബഹിരാകാശ പേടകം ചന്ദ്രൻ്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെ ആണ് ലൂണ-25 ദൗത്യം പരാജയമായത്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്‌തതാണ് ഇക്കാര്യം. ലൂണ-25മായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിൽ നിന്നുള്ള റിപ്പോർട്ടുകൾ അറിയിച്ചുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.

സാങ്കേതിക തകരാർ കാരണം കഴിഞ്ഞ ദിവസം വൈകിട്ട് നടക്കേണ്ടിയിരുന്ന ഭ്രമണപഥം താഴ്ത്തൽ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഞായാറാഴ്‌ച ലൂണ-25 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത്.

അതേസമയം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഐ.എസ്.ആർ.ഒ) ചന്ദ്രയാൻ-3 പേടകം ഞായറാഴ്‌ച പുലർച്ചെ രണ്ടാം ഡീബൂസ്റ്റിംഗ് ഓപ്പറേഷൻ വിജയകരമായി നടത്തി. ഇതോടെ, ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ഇറക്കമെന്ന് ദൗത്യത്തിൻ്റെ അവസാന ഘട്ടമാണ് ഇനി ശേഷിക്കുന്നത്.

ചാന്ദ്ര പര്യവേക്ഷണ പരമ്പരയിലെ ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യം ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ആഗസ്റ്റ് 5ന് ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ബഹിരാകാശ പേടകം ഓഗസ്റ്റ് 23ന് ചന്ദ്രൻ്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 23ന് വൈകിട്ട് 6.04നാണ് സോഫ്റ്റ് ലാൻഡിങ്.

ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ ലാൻഡിംഗിലും പര്യവേക്ഷണം നടത്തുന്നതിനുമുള്ള ചന്ദ്രയാൻ-2ൻ്റെ തുടർച്ചയായ ദൗത്യമാണ് ചന്ദ്രയാൻ-3. ലാൻഡിംഗ് സമയം പ്രഖ്യാപിക്കുകയും ജനങ്ങളുടെ ആശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ടും ബഹിരാകാശ ഏജൻസി X-ൽ പോസ്റ്റ് ചെയ്‌തു.

0Shares