
കർണാടക: ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താനായി കോഴിക്കോട് നിന്ന് സന്നദ്ധസംഘവും. മുക്കത്ത് നിന്നുള്ള 18 അംഗ രക്ഷാദൗത്യസംഘമാണ് ഷിരൂരിലേക്ക് തിരിച്ചത്. സംഘത്തിൽ രക്ഷാപ്രവർത്തന വിദഗ്ധരും ഉണ്ട്. എൻ്റെ മുക്കം, പുൽപറമ്പ് രക്ഷാസേന, കർമ ഓമശ്ശേരി എന്നീ സന്നദ്ധ സംഘടനകളിലെ അഗങ്ങളാണ് യാത്ര അങ്കോലയിലേക്ക് തിരിച്ചത്. നേരത്തെ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധമായിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഇതുവരെ പോകാതിരുന്നതെന്ന് ഇവര്‍ പറയുന്നു. ഇന്നലെ രാത്രിയോടെ എന്തുവന്നാലും രക്ഷാപ്രവര്‍ത്തനത്തിന് പോകണമെന്ന് തീരുമാനിക്കുകയായിരുന്നു. ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവര്‍ കരുതിയിട്ടുണ്ട്. സംഘത്തിന് ജില്ലാ ഭരണകൂടം അനുമതി നൽകുമോ എന്നത് കണ്ടറിയണം.
ഷബീര്‍ പി കെ, സൈനുല്‍ ആബിദ് യു പി, ഷംഷീര്‍ യു കെ, അഷില്‍ എം പി, സംസുദ്ധീന്‍ പുള്ളാവൂര്‍, ഷിഹാബ് പി പി, അജ്മല്‍ പാഴൂര്‍, ശ്രീനിഷ് വി, മുനീഷ് കാരശ്ശേരി, ഷൈജു എള്ളേങ്ങല്‍, റഫീഖ് ആനക്കാംപൊയില്‍, റഷീദ് ഓമശ്ശേരി, കെ പി ബഷീര്‍, റസ്‌നാസ് മലോറം, നിയാസ് എം കെ, റിസാം എം പി, ആരിഫ് ഇ കെ, ഹംസ പി എന്നിവരാണ് കര്‍ണാടകയിലേക്ക് പുറപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണ് ഇവര്‍. മലയോര മേഖലകളിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലും മറ്റും രക്ഷാപ്രവര്‍ത്തനം നടത്തി മുൻപരിചയമുള്ളവരാണ്.
