Categories
articles news

കേരളത്തെ അടയാളപ്പെടുത്തിയ ദാര്‍ശനികന്‍; ഏഷ്യയിലെ ആദ്യത്തെ കമ്യുണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസിനെ ഓർക്കുമ്പോൾ

സങ്കീർണമായ പ്രശ്നങ്ങൾ പോലും കൃത്യമായി വിലയിരുത്തി വിശദീകരിക്കാൻ ഇ.എം.എസ് കാണിച്ച പാടവം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകി.

കാസർകോട്: സ്വന്തം സ്വത്തും സമ്പാദ്യങ്ങളും നാടിനുവേണ്ടി വിട്ടുകൊടുത്ത മഹത് വ്യക്തിയാണ്, ഇന്ത്യൻ കമ്മ്യൂണിസ്റ്റ്- മാർക്സിസ്റ്റ് നേതാവും ഐക്യകേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയുമായ
ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ.എം.എസ്‌ (ജൂൺ 13, 1909 പെരിന്തൽമണ്ണ – മാർച്ച് 19, 1998 തിരുവനന്തപുരം).

മലയാളിക്ക് രാഷ്ട്രീയത്തിന്‍റെയും ധൈഷണികതയുടെയും മൂന്നുവാക്കായിരുന്നു ഇ.എം.എസ്. ജീവിതത്തെയും സമൂഹത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും അടയാളപ്പെടുത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ദാർശനികനായിരുന്നുഅദ്ദേഹം.

ജന്മിത്വത്തിന്‍റെയും സമ്പത്തിന്‍റെയും അധികാരവും സൗകര്യങ്ങളും വിട്ടെറിഞ്ഞ് ബ്രാഹ്മണ മേധാവിത്വത്തിന്‍റെ പൂണൂലറുത്തുമാറ്റി ജനങ്ങൾക്കിടയിലേക്കിറങ്ങി. കോൺഗ്രസിൽ പ്രവർത്തിച്ചപ്പോഴും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നപ്പോഴും മുഖ്യമന്ത്രിയും പാർട്ടി ഭാരവാഹിയും ഒക്കെ ആയപ്പോഴും കേരളത്തിന്‍റെ സാമൂഹിക രാഷ്ട്രീയ പരിഷ്ക്കരണങ്ങൾക്ക് അദ്ദേഹം നായകത്വം വഹിച്ചു.

മാർക്സിസം- ലെനിനിസത്തെ ഇന്ത്യൻ സാഹചര്യത്തിൽ വ്യാഖ്യാനിക്കാൻ ഇ.എം.എസിനോളം സംഭാവന നൽകിയ മറ്റൊരു ദാർശനികനും ഉണ്ടായിരുന്നില്ല. ഇ.എം.എസിന്‍റെ രാഷ്ട്രീയ ഇടപെടലുകൾ ഇന്ത്യൻ സാഹചര്യത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല. സാർവദേശീയ തലത്തിലെ ഇടത് മുന്നേറ്റങ്ങളെയും മറ്റ് രാഷ്ട്രീയ മുന്നേറ്റങ്ങളും സസൂക്ഷ്മം വിലയിരുത്തി അവ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കാൻ ഇ.എം.എസ്സിന് സാധിച്ചു. സാർവദേശീയ പ്രശ്നങ്ങൾ വിലയിരുത്തുകയും അവയോട് ഐക്യപ്പെടുകയോ പ്രതികരിക്കുകയോ ചെയ്യുന്ന പ്രവണതയ്ക്ക് മലയാളി കടപ്പെട്ടിരിക്കുന്നത് ഇ.എം.എസ്സിനോടാണ്.

ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്‍റെ തലവനെന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌.

സങ്കീർണമായ പ്രശ്നങ്ങൾ പോലും കൃത്യമായി വിലയിരുത്തി വിശദീകരിക്കാൻ ഇ.എം.എസ് കാണിച്ച പാടവം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകി. അത് തെളിയിക്കുന്നതാണ് അദ്ദേഹം രചിച്ച നിരവധി പുസ്തകങ്ങൾ. വായനയും എഴുത്തും ഇ.എം.എസിന് ജീവിതത്തിന്‍റെ ഭാഗമായിരുന്നു. അധികാരങ്ങളുടെ ഭാഗമായിരിക്കുമ്പോഴും അതിന്‍റെ ഭാഗമായ എല്ലാ ആഡംബരത്തിൽ നിന്നും അദ്ദേഹം മാറി നടന്നു.

ആ മന്ത്രിസഭയിലും തുടർ മന്ത്രിസഭകളിലും ഭൂപരിഷ്കരണം, വിദ്യാഭ്യാസ ബില്ല്, ജനകീയാസൂത്രണം തുടങ്ങി കേരളത്തിന്‍റെ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായ നടപടികൾക്ക് ഇം.എം.എസ് നേതൃത്വം നൽകി. സാഹിത്യത്തിലും ചിന്തയിലും ചരിത്ര രചനയിലും ഇടതുപക്ഷ ആശയങ്ങൾ അവതരിപ്പിക്കാനും ആ ധാരയിലേക്ക് നിരവധിപ്പേരെ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. സാഹിത്യം സമൂഹ നന്മയ്ക്ക് എന്നതായിരുന്നു എല്ലാ കാലത്തും ഇ.എം.എസിന്‍റെ വാദം.

സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ എഴുത്തിന്‍റെ ലോകത്തിലേക്ക് കടന്നിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് കോൺഗ്രസ്സിലെ ഇടതുപക്ഷക്കാർ ചേർന്ന് ഇ.എം.എസ്സിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. കേരളസംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്‍റെയൊപ്പം നിന്നു. സി.പി.ഐ(എം) ദേശീയ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ പ്രവർത്തിച്ചു.

ആശയങ്ങൾ രൂപീകരിക്കുന്നതിലും, അത് പ്രയോഗത്തിൽ വരുത്തുന്ന കാര്യത്തിലും പുതിയ കേരളത്തിന്‍റെ ശിൽപികളിലൊരാളായി ഇ.എം.എസ്സിനെ കണക്കാക്കപ്പെടുന്നു. കൂടിയായിരുന്ന ഇ.എം.എസ്സ് 1998 മാർച്ച് 19-ന് തന്‍റെ 89-ആം വയസ്സിൽ അന്തരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest