പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ വധശിക്ഷ; ഐ.പി.സി, സി.ആര്‍.പി.സി ഭേദഗതി ബില്‍ അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു

You are currently viewing പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ വധശിക്ഷ; ഐ.പി.സി, സി.ആര്‍.പി.സി ഭേദഗതി ബില്‍ അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ഐ.പി.സി, സി.ആര്‍.പി.സി, എവിഡൻസ് ആക്‌ട് എന്നിവ ഭേദഗതി ചെയ്യുന്ന ബില്‍ ലോക്‌സഭയില്‍. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ വധശിക്ഷ, കൂട്ടബലാത്സംഗത്തിന് 20വര്‍ഷം തടവ് തുടങ്ങിയ ഭേദഗതികളാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഭേദഹതി ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

സി.ആര്‍.പി.സി യില്‍ 313 ഭേദഗതികളാണ് ‍ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകത്തിന് പരമാവധി ശിക്ഷയും ആള്‍ക്കൂട്ട ആക്രമണത്തിന് കുറഞ്ഞത് ഏഴ് വര്‍ഷം തടവും പീഡനകുറ്റത്തിന് കുറഞ്ഞത് 10 വര്‍ഷം തടവും ഭേദഗതിയില്‍ ഉള്‍പ്പെടുന്നു. അതേസമയം ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

ഭാരതീയ ന്യായ സംഹിത, 2023 (കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതും അതുമായി ബന്ധപ്പെട്ടതോ ആകസ്‌മികമായതോ ആയ കാര്യങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും), ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, 2023 (ക്രിമിനല്‍ നടപടിയുമായി ബന്ധപ്പെട്ടതും അതുമായി ബന്ധപ്പെട്ടതോ ആകസ്‌മികമായതോ ആയ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള നിയമം ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും), ഭാരതീയ സാക്ഷ്യ ബില്‍, 2023 (ന്യായമായ വിചാരണയ്‌ക്കുള്ള തെളിവുകളുടെ പൊതുനിയമങ്ങളും തത്വങ്ങളും ഏകീകരിക്കുന്നതിനും നല്‍കുന്നതിനും). ഈ ബില്ലുകളാണ് അവതരിപ്പിച്ചത്. തുടര്‍ന്ന് ഇവ ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു.

ഇന്ത്യൻ ശിക്ഷാ നിയമങ്ങള്‍ ബ്രിട്ടീഷ് കാലത്തെ പാരമ്പര്യം പിന്തുടരുന്നവയാണെന്നും മറിച്ച്‌ ഇന്ത്യയുടേതായ ശിക്ഷാ നിയമങ്ങള്‍ വേണമെന്നുള്ള നിര്‍ദ്ദേശം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി 2020 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ക്രിമിനല്‍ നിയമ പരിഷ്‌കരണ സമിതി രൂപീകരിച്ചിരുന്നു.

അന്നത്തെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി വി.സി ആയിരുന്ന പ്രൊഫസര്‍ ഡോ. രണ്‍ബീര്‍ സിംഗ് ആയിരുന്നു കമ്മിറ്റിയുടെ തലവൻ. ഡല്‍ഹിയില്‍ അന്നത്തെ എൻ.എല്‍.യു- ഡി രജിസ്ട്രാര്‍ പ്രൊഫസര്‍ ഡോ.ജി.എസ് ബാജ്‌പേയ്, ഡി.എൻ.എല്‍.യു വി.സി പ്രൊഫസര്‍ ഡോ.ബല്‍രാജ് ചൗഹാൻ, മുതിര്‍ന്ന അഭിഭാഷകൻ മഹേഷ് ജെഠ്‌മലാനി, ഡല്‍ഹിയിലെ മുൻ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്‌ജി ജി.പി തരേജ എന്നിവരും കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരുന്നു.

തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്‌ 2022 ഫെബ്രുവരിയില്‍ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രിമിനല്‍ നിയമങ്ങളുടെ സമഗ്രമായ പുനരവലോകന പ്രക്രിയ സര്‍ക്കാര്‍ ഏറ്റെടുത്തതായി 2022 ഏപ്രിലില്‍ നിയമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു.

0Shares