Trending News





ന്യൂഡല്‍ഹി: ആര്‍.എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ലേഖനത്തില്‍ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടി വന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
വഖഫ് ബില്ലിലൂടെ ഇപ്പോള്‍ മുസ്‌ലിങ്ങളെ ആക്രമിക്കുന്നു. ഭാവിയില്‍ ക്രിസ്ത്യൻ അടക്കമുള്ള മറ്റ് സമുദായങ്ങളെ വേട്ടയാടുമെന്നും രാഹുല്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ആര്‍.എസ്എസിന് ക്രിസ്ത്യാനികളിലേക്ക് ശ്രദ്ധ തിരിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. ഇത്തരം ആക്രമണങ്ങളില്‍ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Also Read
ഓര്‍ഗനൈസറിലെ ലേഖനത്തെ കുറിച്ചുള്ള ടെലഗ്രാഫ് വാര്‍ത്ത പങ്കുവെച്ചായിരുന്നു രാഹുലിൻ്റെ പ്രതികരണം. അതേസമയം വിവാദങ്ങൾക്ക് പിന്നാലെ ഓർഗനൈസർ ലേഖനം മുക്കി. പിൻവലിച്ചതായാണ് വിവരം. വഖഫ് ഭൂമിക്ക് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാരിതര ഭൂവുടമ കത്തോലിക്ക സഭയാണെന്നായിരുന്നു ലേഖനത്തിൻ്റെ ഉള്ളടക്കം. ഏഴ് കോടി ഹെക്ടര്‍ ഭൂമി കത്തോലിക്ക സഭയുടെ കയ്യില്‍ ഉണ്ടെന്നും പള്ളികള്‍, സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍ അടക്കം 20,000 കോടിയുടെ സ്വത്ത് വരുമെന്നും ലേഖനത്തില്‍ പറയുന്നു. ‘ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത് ആര്‍ക്കാണ്? കത്തോലിക്ക് ചര്‍ച്ച് വേഴ്‌സസ് വഖഫ് ബോര്‍ഡ് ഡിബേറ്റ്’ എന്ന തലക്കെട്ടോടെയാണ് ലേഖനം പുറത്തു വിട്ടത്.

Sorry, there was a YouTube error.