ഒരു മണിക്കൂർ നീണ്ട വാദ പ്രതിവാദം; ഒടുവിൽ ജാമ്യാപേക്ഷ തള്ളി 14 ദിവസത്തേക്ക് റിമാൻഡ്; രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക് പോകുമ്പോൾ; അണിയറയിൽ നടന്നത്..?

You are currently viewing ഒരു മണിക്കൂർ നീണ്ട വാദ പ്രതിവാദം; ഒടുവിൽ ജാമ്യാപേക്ഷ തള്ളി 14 ദിവസത്തേക്ക് റിമാൻഡ്; രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക് പോകുമ്പോൾ; അണിയറയിൽ നടന്നത്..?

തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി സംസാരിക്കുകയും സോഷ്യൽ മീഡിയകളിൽ വീഡിയോകൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക്. കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുല്‍ ഈശ്വര്‍ റിമാന്ഡിലായത്. എം.എൽ.എക്കെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തി എന്നായിരുന്നു പോലീസ് പറഞ്ഞത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അന്വേഷണം നടക്കുമ്പോള്‍ അധിക്ഷേപ പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എ.സി.ജെ.എം കോടതി രാഹുലിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും. ജയിലിൽ നിരാഹാരമിരിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. സൈബർ അധിക്ഷേപ കേസിലെ മറ്റൊരു പ്രതിയായ കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി.

അറസ്റ്റ് നിയമപരമല്ലെന്നും, യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുൽ ഈശ്വർ കോടതിയില്‍ വാദിച്ചത്. നോട്ടീസ് നൽകിയിട്ടും കൈപ്പറ്റാതിരുന്ന പ്രതി ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന പ്രോസിക്യൂഷനും വാദിച്ചു. രാഹുലിന്‍റെ ലാപ് ടോപ്പിൽ നിന്നും പെണ്‍കുട്ടിയുടെ ചിത്രമുള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. പ്രതി സമാനമായ കുറ്റകൃത്യങ്ങള്‍ പതിവായി ചെയ്യുന്ന വ്യക്തിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട വാദ പ്രതിവാദത്തിന് ശേഷം മജിസ്ട്രേറ്റ് ചേമ്പറിൽ വീഡിയോ പരിശോധിച്ച ശേഷം വിധി പ്രസ്താവിച്ചത്. അന്വേഷണം നടക്കുമ്പോള്‍ രാഹുൽ ഇത്തരം വീഡിയോ ചെയ്തത് നീതികരിക്കാൻ കഴിയില്ല. പോലീസ് ഹാജരാക്കിയ തെളിവുകള്‍ കുറ്റം കൃത്യം പ്രാഥമികമായി വ്യക്തമാക്കുന്നു. ജാമ്യം നൽകിയാൽ വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് എസിജെഎമ്മിന്‍റെ വിധിയിൽ പറയുന്നു. അതേസമയം, രാഹുൽ ഈശ്വറിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

0Shares