
ഇരിയണ്ണി / കാസർകോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പയ്യന്നൂർ മേഖലയിലെ റൂറൽ സയൻസ് ആൻറ് ടെക്നോളജി സെൻറർ പ്രവർത്തകർ ഇരിയണ്ണിയിലെ സോപ്പ് നിർമാണ കേന്ദ്രം സന്ദർശിച്ചു. സോപ്പ്, ടോയ്‌ലറ്റ് ക്ളീനിങ് ഉൽപന്നങ്ങളുടെ നിർമാണം, വിപണനം മാതൃകാപരമായും ആദായകരമായും നടത്താമെന്നതിന് ഉദാഹരണമാണ് ഈ യുണിറ്റ്. “മറ്റുള്ള ബ്രാൻഡിങ് സോപ്പുകൾ വിൽക്കുന്ന വ്യാപാരികൾ സ്വന്തം വീടുകളിലേക്ക് പരിഷത്ത് വികസിപ്പിച്ചെടുത്ത സോപ്പ് ചോദിച്ചു വാങ്ങാറുണ്ട്.”- യൂണിറ്റ് അംഗങ്ങൾ പറഞ്ഞു.

ആരോഗ്യത്തിന് ഗുണകരമായ സോപ്പുകൾ നിർമ്മിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഏറെ ഖ്യാതി നേടിയിട്ടുണ്ട്. സംഘടനയുടെ കീഴിൽ പരിശീലനം നേടിയ ആയിരകണക്കിന് യുവതീ- യുവാക്കളാണ് സംസ്ഥാന വ്യാപകമായി സോപ്പ് ഉത്പാദന- വിതരണ രംഗത്ത് പ്രവർത്തിച്ചു വരുന്നത്.
അലർജി ഉണ്ടാക്കാത്ത വാഷിംഗ് സോപ്പിന് ആവശ്യക്കാർ ഏറെയുണ്ട്. പ്ലാസ്റ്റിക്ക് കാരിബാഗിന് പകരം തുണി ബാഗുകൾ നിർമിച്ച് വിതരണം ചെയ്യാനുള്ള സാധ്യതകൾതൊഴിലാളികളുമായി ചർച്ച നടത്തി. പരിഷത്ത് സയൻസ് സെൻ്ററിൻ്റെ അഭിനന്ദനങ്ങൾ നേരുകയും തുടർ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.

കാസർകോട് മേഖലയിൽ മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണി കൂടാതെ ദേലംപാടി പഞ്ചായത്തിലെ അഡൂർ, ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പള, കൊമ്പനടുക്കം, കുറ്റിക്കോൽ പഞ്ചായത്തിലെ പള്ളത്തിങ്കാൽ, കർണ്ണാടകയിലെ മoഗലാപുരം എന്നിവിടങ്ങളിലും ഗുണനിലവാരമുള്ള പരിഷത്ത് സോപ്പുകൾ നിർമ്മിക്കുന്ന സംരംഭക യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
