Categories
കാസർകോട്ടെ പുണ്ടൂർ ശാസ്‌താംകോട് പാലം തകർന്നുണ്ടായ അപകടം; പാലത്തിലുണ്ടായിരുന്നത് 2 കുട്ടികൾ ഉൾപ്പടെ 6 പേർ; പരിക്കേറ്റ ഒരു സ്ത്രീയുടെ കാലിന് ശസ്ത്രക്രിയ; സ്ഥിരം പാലം നിർമിച്ചു നൽകാത്ത ഭരണകൂടത്തിനെതിരെ പ്രതിഷേധം
പാലം എന്ന നിരന്തരമായുള്ള ആവശ്യത്തിന് പുല്ലുവില കൽപിച്ച്, സ്ഥിരം പാലം നിർമിക്കാത്ത ഭരകൂടത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
Trending News





കാറഡുക്ക / കാസർകോട് : പാലം തകർന്നുവീണ് 2 സ്ത്രീകൾക്ക് ഗുരുതര പരിക്ക്. കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് പുണ്ടൂർ ശാസ്‌താംകോട് എന്ന പ്രദേശത്തെ തോടിനു കുറുകെയുള്ള കവുങ്ങിൻ പാലമാണ് തകർന്നുവീണത്. സമീപത്തെ അബ്ദുല്ല എന്ന വ്യക്തിയുടെ മരണവുമായി ബന്ധപ്പെട്ട് മരണവീട് സന്ദർശിക്കാനെത്തിയ ബന്ധുക്കളാണ് അപകടത്തിൽ പെട്ടത്. കുമ്പള മാവിനക്കട്ടയിലെ കദീജ (58), മിസ്‌രിയ (45) എന്നിവർക്കാണ് പരിക്കേറ്റത്.
Also Read

2 കുട്ടികൾ ഉൾപ്പടെ 6 പേർ പാലത്തിലുണ്ടായിരുന്നു. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പരിക്കേറ്റവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. ഇതിൽ ഖദീജയുടെ കാലിന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിച്ചതായി ബന്ധുക്കൾ പറഞ്ഞു. മറ്റൊരാളുടെ മുഖത്തിന് സാരമായ പരിക്കുണ്ട്. തോട്ടിൽ മുമ്പ് തകർന്ന് വീണ കോൺക്രീറ്റ് പാലത്തിൻ്റെ അവശിഷ്ട്ടങ്ങൾക്കിടയിൽ പെട്ടതാണ് ഗുരുതര പരിക്കിന് കാരണമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ് രക്തം വാർന്നൊഴുകുന്ന സ്ത്രീകളെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പാലം തകർന്നതോടെ മരണവീട്ടിലേക്കുള്ള യാത്ര ദുരിതത്തിലായി. മയ്യത്ത് പള്ളിയിലേക്ക് കൊണ്ടുപോകാൻ നാട്ടുകാർക്ക് ഉടൻ മറ്റൊരു പാലം താൽകാലികമായി നിർമ്മിക്കേണ്ടിവന്നു. വർഷങ്ങൾക്ക് മുമ്പ് അശാസ്ത്രീയമായി നിർമ്മിച്ച കോൺക്രീറ്റ് പാലം തകർന്നിട്ടും പകരം പാലം നിർമ്മിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായിട്ടില്ല. ഇതിൽ സഹികെട്ടാണ് നാട്ടുകാർ താൽകാലിക കവുങ്ങ് പാലം നിർമ്മിക്കുന്നത്.

ഇവിടെ സ്ഥിരമായി ഒരു നടപ്പാലമെങ്കിലും നിർമ്മിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അംഗനവാടിയിലേക്ക് പിഞ്ചു കുഞ്ഞുങ്ങൾ പോകുന്നതും മദ്രസ, സ്‌കൂളുകൾ എന്നിവിടങ്ങളിലേക്ക് പോകാൻ കുട്ടികളും ജീവൻ പണയപെടുത്തിയാണ് ഈ താത്കാലിക പാലത്തെ ആശ്രയിക്കുന്നത്. ഈ അപകടത്തോടെ ഇതുവഴിയുള്ള കുട്ടികളുടെ ഭയവും ഇരട്ടിച്ചിരിക്കുകയാണ്.

പാലം എന്ന നിരന്തരമായുള്ള ആവശ്യത്തിന് പുല്ലുവില കൽപിച്ച്, സ്ഥിരം പാലം നിർമിക്കാത്ത ഭരകൂടത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. അപകടം ഉണ്ടായാൽ മാത്രം കണ്ണ് തുറക്കുന്ന ഭരണകർത്താക്കൾ, ഇനിയെങ്കിലും ഈ അപകടത്തോടെയെങ്കിലും കണ്ണ് തുറക്കണം എന്നാണ് നാട്ടുകാർ പറയുന്നത്.


Sorry, there was a YouTube error.