
തിരുവനന്തപുരം: ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടാക്കിയ ‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിനെതിരെ നിയമ നടപടി. പാട്ടിനെതിരെ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ശരണമന്ത്രത്തെ അപമാനിക്കുന്ന വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കി എന്നാണ് പരാതി. ഇതിനെതിരെയായാണ് തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തത്. ഗാനരചയിതാവിനേയും ഗായകനെയും പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തിരുവാഭരണ പാതാ സംരക്ഷണ സമിതി ജന. സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്. നിയമോപദേശം തേടിയെടുത്ത കേസിൽ പ്രതിപ്പട്ടികയിൽ നാല് പേരുകളാണുള്ളത്. ഗാനരചയിതാവ് കുഞ്ഞബ്ദുളള, പാടിയ ഡാനിഷ്, നിർമാതാവ് സുബൈർ പന്തല്ലൂർ, ഇവരുടെ സിഎംഎസ് മീഡിയ എന്നിവർ. ചേർത്തത് രണ്ട് വകുപ്പുകളാണ്. മതസ്പർധയുണ്ടാക്കിയതിനും വിശ്വാസം വ്രണപ്പെടുത്തിയതിനും. അയ്യപ്പഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചെന്നും FIR ലിലുണ്ട്.
സൈബർ പോലീസ് എസ്.പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസ്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തിറങ്ങിയ പാട്ട് വൈറലായിരുന്നു. ഇത് ഇടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കി. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി സി.പി.എമ്മും പാട്ടിനെതിരെ പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ധ്രുവീകരണമുണ്ടാക്കി വോട്ടുപിടിക്കാൻ പാട്ടിലൂടെ ശ്രമം നടന്നെന്നും ചട്ടലംഘനമുണ്ടായെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെടാനാണ് സാധ്യത. പാട്ട് എഴുതിയതും ആലപിച്ചതും മുസ്ലിം സഹോദരങ്ങൾ ആയതിനാൽ ഇതിൽ വർഗീയത കലർത്തുമോ എന്ന ആശങ്കയിലാണ് ഒരു വിഭാഗം. എന്നാൽ കലാകാരന്മാർക്ക് പിന്തുണയുമായും വലിയ ജനവിഭാഗം രംഗത്തുണ്ട്.
