
തിരുവനന്തപുരം: ആഴിമലയില്‍ പെണ്‍ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കടലില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന നിഗമനത്തിലേക്ക് പൊലീസ്. പെണ്‍ സുഹൃത്തിൻ്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതും, പ്രണയ നൈരാശ്യവും ആത്മഹത്യയ്ക്ക് കരണമായെന്നാണ് കണ്ടെത്തല്‍. പെണ്‍ സുഹൃത്തിൻ്റെ ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പോലീസ് കുറ്റപത്രം നല്‍കും. കിരണത്തിൻ്റെ ബന്ധുക്കളായിരുന്നു കൊലപാതകമെന്ന സംശയം ഉന്നയിച്ചത്.
പെണ്‍ സുഹൃത്തിനെ കാണാനെത്തിയ മൊട്ടമൂട് സ്വദേശി കിരണിനെ ജൂലൈ ഒമ്പതിനാണ് ആഴിമലയില്‍ കാണാതാകുന്നത്. ജൂലൈ 13 ന് തമിഴ്‌നാട്ടിലെ കുളച്ചിലില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. ആഴിമലയില്‍ വെച്ച് കിരണ്‍ ഭയന്നോടുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് കൊലപാതകമെന്ന് ബന്ധുക്കള്‍ ആരോപിച്ചത്.

എന്നാല്‍ പെണ്‍ സുഹൃത്തിൻ്റെ ബന്ധുക്കളെ ഭയന്നോടിയ കിരണ്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍.
കൊലപാതകമല്ലെന്ന് പോലീസ് ഉറപ്പിക്കുന്നത് ഇങ്ങനെ:
കടലില്‍ നിന്ന് അരകിലോമീറ്റര്‍ അകലെ വച്ച് മര്‍ദിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കിരണിനെ പിന്തുടര്‍ന്നിട്ടില്ലെന്ന് സാക്ഷി മൊഴികളുണ്ട്. കിരണ്‍ ഭയന്നോടുന്ന സി.സി.ടി.വി ദൃശ്യങ്ങളുണ്ടങ്കിലും കിരണിന് പിന്നാലെയാരും വരുന്നില്ലെന്ന് ആ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേസമയം ആത്മഹത്യ ആണെന്ന് പൊലീസ് ഉറപ്പിക്കുന്നത് മൂന്ന് കാരണങ്ങള്‍ കൊണ്ടാണ്. കിരണിനേ പോലൊരാള്‍ കടലിലേക്ക് ചാടുന്നത് കണ്ടതായി ആ സമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്ന രണ്ട് സാക്ഷികളുടെ രഹസ്യമൊഴിയുണ്ട്. ആത്മഹത്യയ്ക്ക് സമാന രീതിയില്‍ കിരണിൻ്റെ ചെരുപ്പ് പാറക്കെട്ടുകളില്‍ നിന്ന് ലഭിച്ചു. കിരണിന് പ്രണയ നൈരാശ്യമുണ്ടായിരുന്നുവെന്ന സുഹൃത്തുക്കളുടെ മൊഴിയുമുണ്ട്. അതേസമയം ആത്മഹത്യ പ്രേരണ കുറ്റം ചുമത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ സഹോദരന്‍ ഹരി, സഹോദരി ഭര്‍ത്താവ് രാജേഷ് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കുറ്റപത്രം നല്‍കാനാണ് പോലീസ് തീരുമാനം.
