
ഓർത്തഡോക്‌സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാൻ കുമ്പസാരം നടത്തിയിരിക്കണമെന്ന സഭ ഭരണഘടനയിലെ ഏഴാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തിങ്കളാഴ്ച പരിഗണിക്കുക.
ഓർത്തഡോക്‌സ് സഭാ അംഗങ്ങളായ മാത്യു ടി മാത്തച്ചൻ, സി. വി ജോസ് എന്നിവരാണ് റിട്ട് ഹർജി നൽകിയിരിക്കുന്നത്. കുമ്പസാര രഹസ്യം വൈദികർ ചൂഷണം ചെയ്യുന്നെന്നാണ് ഹർജിയിലെ ആരോപണം. കുമ്പസാര രഹസ്യത്തിന്‍റെ പേരിൽ പുരോഹിതർ സ്ത്രീകളെ പീഡിപ്പിക്കുന്നതിനെതിരെയും ഹർജിയിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

കുമ്പസാരം നടത്തുന്നവരുടെ പേരും മറ്റ് വിവരങ്ങളും രജിസ്റ്ററിൽ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾക്കും വ്യക്തി സ്വാതന്ത്ര്യങ്ങൾക്കും എതിരാണെന്നും ഹർജിയിൽ പറയുന്നു. വിശ്വാസികൾക്ക് ആത്മീയ സേവനം ലഭിക്കണമെങ്കിൽ കുമ്പസാരിക്കണമെന്ന് വ്യവസ്ഥയില്ല.
വൈദികന് മുന്നിൽ പാപങ്ങൾ ഏറ്റുപറയാൻ നിർബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. നിർബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമാണെന്ന പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.
