
കാസർകോട്: ഹരിത കേരള മിഷനും സുഭിക്ഷ കേരളം പദ്ധതിയും മുന്നോട്ടുവെച്ച പുനരുജ്ജീവന സാധ്യതകളെ ജനകീയമായ ഏറ്റെടുത്ത പിലിക്കോട് ജനതയും പഞ്ചായത്തിന്‍റെ ഭരണസമിതിയും ലോകത്തിനു മുന്നില്‍ സുസ്ഥിര വികസന മാതൃക നല്കുന്നുവെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. പിലിക്കോട് പഞ്ചായത്തിനെ തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിക്കുകയാിരുന്നു മന്ത്രി.
നമ്മുടെ സംസ്ഥാനത്താകെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കര്‍ഷകരുടെയും യുവാക്കളുയെയും കൂട്ടായ്മയില്‍ തരിശ് ഭൂമികള്‍ വിള ഭൂമികളായി മാറുകയാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ ഈ കോവിഡ് കാലഘട്ടത്തില്‍ നമ്മുടെ കാര്‍ഷികമേഖലയ്ക്ക് പുത്തനുണര്‍വാണ് ഉണ്ടായിരിക്കുന്നത്.ഉപഭോഗസംസ്‌കാരം സൃഷ്ടിച്ച വികലമായ വികസന സങ്കല്‍പങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ് മുറിവേറ്റ ഒരു നാടും പ്രകൃതിയും ആണ് നമ്മുടേത്.

നമ്മുടെ കൃഷിയിടങ്ങളും പുരയിടങ്ങളും നഷ്ടപ്പെട്ടപ്പോള്‍ ഒരു സംസ്‌കാരം കൂടിയാണ് നഷ്ടമായത്. കാര്‍ഷിക നന്മകള്‍ കളമൊഴിഞ്ഞിടത്താണ് അക്രമവും അഴിമതിയും വളരുന്ന സാഹചര്യം ഉണ്ടായത് . പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷയുടെ സൂര്യനുദിക്കുന്ന ഈ ചിങ്ങമാസത്തില്‍ കരുതലിന്‍റെ കതിരുകള്‍ വിരിയുന്ന ഈ പാടങ്ങളിലൂടെ പിലിക്കോട് ഗ്രാമം ഒരു പുതിയ യുഗത്തിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
