
ബദിയടുക്ക (കാസർകോട്): ചെർക്കള-കല്ലട്ക്ക അന്തർ സംസ്ഥാന പാതയിലെ പള്ളത്തടുക്ക പാലത്തിൽ അപകടം വിളിച്ചു വരുത്തുന്ന തെങ്ങ് വാഹന യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. ഏത് നിമിഷവും മറിഞ്ഞു വീഴാൻ പാകത്തിൽ പാലത്തിന് മുകളിലേക്ക് ചാഞ്ഞ് നിൽക്കുകയാണ് തെങ്ങ്.
കാസർകോട്ടെ ദേശീയപാത ചെർക്കളയിൽ നിന്നും ബദിയടുക്ക വഴി കർണാടകയിലെ വിട്ട്ള, പുത്തുരിലെക്കും ഉക്കിനടുക്കയിലുള്ള കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഇതുവഴിയാണ് നിരവധിപേർ കടന്നു പോകുന്നത്.
പാലത്തിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങിൽ നിന്നുള്ള ഉണങ്ങിയ തേങ്ങയും ഓലമടലും വാഹന യാത്രക്കാർക്ക് എന്നും ഭീഷണിയാണ്. അപകടം സംഭവിച്ചതിന് ശേഷം ഉണരുന്ന നമ്മുടെ ഉദ്യോഗസ്ഥ ഭരണ കർത്താക്കൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
