വാളയാർ കേസിൽ തുടർ അന്വേഷണത്തിന് ഉത്തരവ്; സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി, പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്

You are currently viewing വാളയാർ കേസിൽ തുടർ അന്വേഷണത്തിന് ഉത്തരവ്; സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി, പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്

പാലക്കാട്: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ സഹോദരിമാർ മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്സോ കോടതി. പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

കൊലപാതക സാധ്യത പരിശോധിക്കാതെയാണ് സി.ബി.ഐ സംഘം കുറ്റപത്രം സമർപ്പിച്ചതെന്നും പ്രധാന കാര്യങ്ങൾ അന്വേഷിച്ചില്ലെന്നും ആരോപിച്ചാണ് പെൺകുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്. എന്നാൽ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി വേണം തുടരന്വേഷണം നടത്താനെന്ന് പെൺകുട്ടികളുടെ അമ്മ ആവശ്യപെട്ടു.

കേസ് അന്വേഷണത്തിൽ സി.ബി.ഐ സമർപ്പിച്ച രേഖകളും തെളിവുകളും പൊരുത്തപ്പെടുന്നില്ലെന്നും കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണം തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നായിരുന്നു സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. നേരത്തേ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് വ്യത്യസ്തമായി ഒന്നും കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 2020 ലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത്. 2021 ഡിസംബറിലാണ് വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 2017ലാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഡമ്മി പരീക്ഷണം ഉൾപ്പടെ നടത്തിയതിന് ശേഷമായിരുന്നു പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ സി.ബി.ഐ എത്തിയത്. എന്നാൽ അന്വേഷണം പൂർണമല്ലെന്നും രണ്ടാമത്തെ പെൺക്കുട്ടിയുടെ മരണം കൊലപാതകമാണെന്ന പരാതി സി.ബി.ഐ പരിശോധിച്ചില്ലെന്നും പെൺകുട്ടികളുടെ അമ്മ പറയുന്നു.

13 വയസുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും ഒമ്പത് വയസുള്ള സഹോദരിയെ 2017 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ പ്രതികളെ വെറുതെവിട്ട സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം നടത്തിയത്.

പീഡനത്തിന് ഇരയായതിന് ശേഷമുള്ള മരണമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെങ്കിലും പോലീസ് തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്‌ച വരുത്തിയതോടെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

0Shares