
കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്. ശനിയാഴ്‌ച (ഡിസംബർ 23) പ്രതിദിന വരുമാനമായി ലഭിച്ചത് 9.055 കോടി. ഡിസംബർ 11ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് മറികടന്നത്. കെ.എസ്.ആർ.ടി.സി മാനേജ്മെണ്ടിൻ്റെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻ്റെ ഫലമായാണ് റെക്കോർഡ് വരുമാനം കൈവരിക്കാൻ ആയതെന്ന് സി.എം.ഡി.
കൂടുതൽ ബസുകൾ നിരത്തിലിറക്കിയും ഓഫ്‌റോഡ് നിരക്ക് കുറച്ചും ഓപ്പറേറ്റ് ചെയ്യുന്ന ബസുകൾ ഉപയോഗിച്ച് അധിക ട്രിപ്പുകൾ നടത്തി.

ശബരിമല സർവീസിന് ബസുകൾ നൽകിയപ്പോൾ ആനുപാതികമായി സർവീസ് ബസുകളും ക്രൂവും നൽകുവാൻ കഴിഞ്ഞതും കൊണ്ടാണ് 9.055 കോടി വരുമാനം നേടാനായതെന്നും സി.എം.ഡി അറിയിച്ചു.
10 കോടി രൂപയുടെ പ്രതിദിന വരുമാനമാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്. എന്നാൽ കൂടുതൽ പുതിയ ബസുകൾ വരാൻ വൈകുന്നത് തടസ്സമാണെന്നും ഇതിന് പരിഹാരമായി എൻ.സി.സി, ജി.സി.സി വ്യവസ്ഥകളിൽ കൂടുതൽ ബസുകൾ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരികയാണെന്നും സി.എം.ഡി അറിയിച്ചു.
