
കോഴിക്കോട്: ചികിത്സയിലുള്ള 14 കാരന് നിപ സ്ഥിരീകരിച്ചതിനാൽ ജാഗ്രതാ നിർദേശം നൽകി
ആരോഗ്യവകുപ്പ്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരനാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
നിപ കാരണം മലപ്പുറം ജില്ലയിൽ ജാഗ്രതാ നിര്‍ദേശം നൽകി. മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി. നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ.
