Categories
Kerala local news national news trending

ദേശീയപാതയിൽ ദുരന്തം തടയാൻ അടിയന്തര നടപടിയുമായി ജില്ലാ ഭരണ സംവിധാനം; കണ്ടിൻജന്‍സി പ്ലാൻ അവതരിപ്പിച്ചു

കാസർഗോഡ്: ജില്ലയിലെ ദേശീയപാത 66 ലുണ്ടായ വിള്ളലും മണ്ണിടിച്ചിലും പ്രശ്നങ്ങളും പരിഹരിക്കാൻ ജില്ലാ ഭരണസംവിധാനം ഉണർന്നു പ്രവർത്തിക്കുന്നു. മണ്ണിടിച്ചിലും വെള്ളക്കെട്ടും തടയാൻ നടപടി സ്വീകരിക്കാൻ ദേശീയപാതാ അതോറിറ്റിയോടും നിർമ്മാണ കരാർ കമ്പനിയോടും ജില്ലാ കളക്ടർ കെ ഇൻപശേഖർ ഐ.എ.എസ് നിർദേശം നൽകി. ദുരന്തനിവാരണ പ്രവൃത്തി ഉറപ്പുവരുത്താൻ നിരീക്ഷണത്തിന് തഹസിൽദാർമാരെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. ദേശീയപാതയിൽ ദുരന്തനിവാരണത്തിന് പഠനത്തിനായി ജില്ലാ കലക്ടർ നിയോഗിച്ച വിദഗ്ധ സമിതി 41 കേന്ദ്രങ്ങളിലായി 56 സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ദേശീയപാത കടന്നു പോകുന്ന മേഖലയിലെ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അവതരിപ്പിച്ചു.

കുന്നിടിച്ചൽ ഭീഷണി, സമീപ പ്രദേശങ്ങളിൽ വെള്ളം കയറുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ ഓവുചാൽ സംവിധാനത്തിൽ അപാകത, ഗതാഗതതടസം, പ്രധാന പാതയിലെയും പാർശ്വപാതകളിലെയും വെള്ളക്കെട്ട് തുടങ്ങിയവയാണ് യോഗത്തിൽ അവതരിപ്പിച്ചത്. എന്നാൽ കൂടുതൽ പ്രദേശങ്ങളിൽ പ്രശ്നങ്ങൾ ഉള്ളതായി ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ദേശീയപാതയിലെ ദുരന്തനിവാരണത്തിന് പ്രഥമ പരിഗണന നൽകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. എ.കെ.എം അഷറഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, നഗരസഭ ചെയർപേഴ്സൺ മാരായ അബ്ബാസ് ബീഗം കെ.വി സുജാത, ടി.വി ശാന്ത വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ ഡെപ്യൂട്ടി കലക്ടർമാർ തദ്ദേശസ്ഥാപന സെക്രട്ടറിമാർ തഹസിൽദാർമാർ വില്ലേജ് ഓഫീസർമാർ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ നിർമ്മാണ കരാർ കമ്പനിയുടെ പ്രതിനിധികൾ വിദഗ്ധസമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

റോഡിലെ അമിതവേഗത നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി ആവശ്യമാണെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. മഞ്ചേശ്വരത്ത് ഉണ്ടായ വാഹനാപകടം എം.എൽ.എ യോഗത്തിൽ ചൂണ്ടിക്കാട്ടി. മഞ്ചേശ്വരം മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ടിന് സാധ്യതയുണ്ടെന്നും അത് പരിഹരിക്കാൻ നടപടി വേണമെന്നും എം.എൽ.എ പറഞ്ഞു. ദുരന്തനിവാരണത്തിന് ജില്ലാ ഭരണസംവിധാനം ഒരുക്കുന്ന പ്രവർത്തനങ്ങൾക്ക് ജില്ലയിലെ എല്ലാ എം.എൽ.എമാരുടെയും ഉറച്ച പിന്തുണ ഉണ്ടാകും എന്നും എം.എൽ.എ അറിയിച്ചു. അടിയന്തര അത്യാഹിത നിയന്ത്രണ പദ്ധതി യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ റമീസ് രാജ അവതരിപ്പിച്ചു. ദേശീയപാതയിൽ കാലിക്കടവ് മുതൽ തലപ്പാടി വരെ വിവിധ ഇടങ്ങളിൽ ദുരന്തസാധ്യത തടയാനുള്ള നടപടികളാണ് യോഗത്തിൽ നിർദ്ദേശിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest