
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും ഡി.എം.കെ യൂത്ത് വിങ് സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവി സത്യവാചകം ചൊല്ലികൊടുത്തു. 2019 മുതല്‍ ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറിയാണ് ഉദയനിധി.
ചെപ്പോക്കില്‍നിന്നുള്ള എം.എല്‍.എയായ ഉദയനിധി കായിക വകുപ്പ് മന്ത്രിയായാണ് സ്ഥാനമേല്‍ക്കുക.
ഉദയനിധി കൂടി മന്ത്രിസഭയില്‍ എത്തുന്നതോടെ തമിഴ്‌നാട് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 34 ആയി ഉയരും. മുഖ്യമന്ത്രി സ്റ്റാലിനെ കൂടിയാകുന്നതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 35 ആകും.

മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്ന പ്രത്യേക പദ്ധതികളുടെ നിര്‍വഹണ ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. തമിഴ്‌നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ മൂന്നാമനാണ് 45-കാരനായ ഉദയനിധി. 37 വയസ്സുള്ള വിനോദസഞ്ചാര വകുപ്പ് മന്ത്രി ഡോ. മതിവേന്ദനാണ് ഏറ്റവും ചെറുപ്പം.
