Trending News





ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടർന്ന് രാജിവെച്ച സജി ചെറിയാന് മന്ത്രി സഭയിലേക്ക് ഇത് രണ്ടാമൂഴമാണ്. മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി രാജി വെച്ചിട്ടും പുതിയ മന്ത്രിയെ നിയമിക്കാൻ പാർട്ടി തയാറായിരുന്നില്ല.
Also Read
പകരം വകുപ്പുകൾ മറ്റുമന്ത്രിമാർക്ക് പങ്കിട്ട് നൽകുകയായിരുന്നു. അഞ്ചു മാസത്തെ ‘ഇടവേളയ്ക്ക്’ ശേഷം സജി ചെറിയാൻ തിരിച്ചെത്തുമ്പോൾ മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവ് ഉറപ്പായിരുന്നു എന്ന് തന്നെ വേണം കരുതാൻ. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ആലപ്പുഴ ജില്ലയിൽനിന്ന് സി.പി.എമ്മിനു രണ്ടു മന്ത്രിമാരാണുണ്ടായിരുന്നത്–ടി.എം.തോമസ് ഐസക്കും, ജി.സുധാകരനും. രണ്ടാം പിണറായി സർക്കാരിൽ ഇരുവരും ഒഴിവാക്കപ്പെട്ടതോടെ ജില്ലയിലെ മന്ത്രിമാരുടെ എണ്ണം ഒന്നായി.
സജി ചെറിയാൻ രാജിവച്ചതോടെ പാർട്ടിക്കു വലിയ സ്വാധീനമുള്ള ജില്ലയിൽ സി.പി.എമ്മിനു മന്ത്രിമാർ ഇല്ലാതായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ 9 എണ്ണത്തിലും എൽ.ഡി.എഫ് വിജയിച്ച ജില്ലയാണ് ആലപ്പുഴ. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 32,093 വോട്ടിനാണ് ചെങ്ങന്നൂർ മണ്ഡലത്തിൽനിന്ന് സജി ചെറിയാൻ വിജയിച്ച് മന്ത്രിപദത്തിലേക്കെത്തിയത്.

ആലപ്പുഴയിലെ പാർട്ടിയിൽ നിലവിൽ ഒന്നാം സ്ഥാനക്കാരനാണ് സജി. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. പ്രായപരിധി മാനദണ്ഡത്തെത്തുടർന്ന് പാർട്ടി സ്ഥാനങ്ങളിൽനിന്ന് ഒഴിഞ്ഞ ജി.സുധാകരൻ സജീവമല്ല. ടി.എം.തോമസ് ഐസക്ക് തലസ്ഥാനത്ത് കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
മത്സ്യബന്ധനം, യുവജനകാര്യം, സാംസ്കാരികം വകുപ്പുകളാണ് സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്നത്. മന്ത്രിമാരിൽ പലരുടേയും വകുപ്പുകളെക്കുറിച്ച് ആക്ഷേപം ഉയർന്നപ്പോഴും സജി ചെറിയാൻ്റെ പ്രവർത്തനത്തെക്കുറിച്ച് പാർട്ടിക്ക് എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ആ വിശ്വാസമാണ് വീണ്ടും മന്ത്രിപദത്തിലേക്കു വഴി തുറന്നത്.

Sorry, there was a YouTube error.