Categories
articles international news

ചാര ബലൂൺ: പരസ്പര വിശ്വാസം പൂർണ്ണമായി ഇല്ലാതായി; പൊട്ടിത്തെറിയുടെ വക്കില്‍ യു.എസ്-ചൈന ബന്ധം

ചൈന യു.എസിന് ഉയര്‍ത്തുന്ന പുതിയ ഭീഷണിയെപ്പറ്റി പ്രസിഡന്റ് ബൈഡന്‍ രാജ്യത്തോട് വിശദീകരിക്കണമെന്ന ആവശ്യം ശക്തമാണ്

ചരിത്രത്തിലെ ഏറ്റവും മോശം സ്ഥിതിയിലായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളില്‍ യു.എസ്-ചൈന ബന്ധം. ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനവും അതിനോടുള്ള ചൈനയുടെ ആക്രമണോല്‍സുകമായ പ്രതികരണവുമെല്ലാം ബന്ധം കൂടുതല്‍ വഷളാക്കി. എന്നാല്‍ ഇനിയും കൂടുതല്‍ അധഃപതിക്കാന്‍ ഈ ബന്ധത്തിന് സാധിക്കുമെന്ന് ബലൂണ്‍ സംഭവം കാണിച്ചു തന്നിരിക്കുന്നു.

പരസ്പര വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ട്, ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത തലത്തിലേക്ക് യു.എസ്-ചൈന ബന്ധം എത്തിപ്പെട്ടിരിക്കുന്നെന്നതാണ് വാസ്തവം. ‘എല്ലാ തലത്തിലും യു.എസ്-ചൈന ബന്ധം ഇപ്പോള്‍ മോശമാണ്, സൈനിക തലത്തിലടക്കം,’ യു.എസ് ഹൗസ് ഇന്റലിജന്‍സ് കമ്മറ്റി (ഡെമോക്രാറ്റ്) മുന്‍ സ്റ്റാഫ് ഡയറക്ടര്‍ ടിം ബെര്‍ഗ്രീന്‍ പറയുന്നു.

ചൈന യു.എസിന് ഉയര്‍ത്തുന്ന പുതിയ ഭീഷണിയെപ്പറ്റി പ്രസിഡന്റ് ബൈഡന്‍ രാജ്യത്തോട് വിശദീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ചൈനീസ് ചാര ബലൂണ്‍ സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാവുന്നതോടെ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി ബൈഡന്‍ സംസാരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ തള്ളുന്നു.

ഉക്രെയ്ന്‍ അധിനിവേശം നടത്തുന്ന റഷ്യക്ക് ചൈന നല്‍കുന്ന തന്ത്രപരമായ പിന്തുണയെ യു.എസ് ഭീഷണിയായാണ് കാണുന്നത്. തായ്‌വാനു നേരെ ചൈന ഉക്രെയ്ന്‍ മാതൃകയില്‍ ആക്രമണം നടത്തിയേക്കുമെന്ന് യു.എസ് സംശയിക്കുന്നു. ഇറാന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം നടത്തിയ ബെയ്ജിംഗ് സന്ദര്‍ശനവും ഇറാൻ്റെ പരമാധികാരത്തിന് പിന്തുണ നല്‍കിയ ഷീയുടെ നടപടിയുമെല്ലാം യു.എസിൻ്റെ സംശയങ്ങളെ ദൃഢപ്പെടുത്തുന്നതാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest