മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതൻ്റെ ഭീഷണി; സുരക്ഷാ ശക്തമാക്കി പോലീസ്; 21,000-ത്തിലധികം ഉദ്യോഗസ്ഥരുടെ കാവൽ; മഹാ നഗരത്തിൽ സംഭവിക്കുന്നത്.? കൂടുതൽ അറിയാം..

  • Post category:news
  • Reading time:1 min read
You are currently viewing മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതൻ്റെ ഭീഷണി; സുരക്ഷാ ശക്തമാക്കി പോലീസ്; 21,000-ത്തിലധികം ഉദ്യോഗസ്ഥരുടെ കാവൽ; മഹാ നഗരത്തിൽ സംഭവിക്കുന്നത്.? കൂടുതൽ അറിയാം..

മുംബൈ: മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതൻ്റെ ഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കി പോലീസ്. മഹാരാഷ്ട്ര സംസ്ഥാനത്ത് ഉടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ലഷ്കർ-ഇ-ജിഹാദി എന്ന സംഘടനയുടെ പേരിലാണ് ഭീഷണി സന്ദേശം എത്തിയത്. 14 പാകിസ്താനി ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും 34 കാറുകളിൽ ചാവേറുകൾ സ്ഫോടനം നടത്തുമെന്നും ഭീഷണി മുഴക്കി. ഉഗ്ര സ്പോടനത്തിനായി 400 കിലോഗ്രാം ആർ.ഡി.എക്സ് ഉപയോഗിക്കുമെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞതായാണ് മുംബൈ പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മുംബൈയിലെ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയുടെ ഉറവിടം കണ്ടത്താനായിട്ടില്ല. വിഷയത്തിൽ അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സന്ദേശം അയച്ച വ്യക്തിക്കായി തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. മുംബൈയിൽ 10 ദിവസത്തെ ഗണേശോത്സവം ആഘോഷിക്കുന്നതിനിടെ ലഭിച്ച ഭീഷണി സന്ദേശം ഗൗരവത്തിലാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. ഗണേശോത്സവത്തിൻ്റെ അവസാന ദിവസമായ ശനിയാഴ്ച നഗരത്തിലെ തെരുവുകളിൽ ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്നതും ഭീഷണിയും കൂട്ടിവായിക്കുകയാണ് ഉദ്യോഗസ്ഥർ. എന്നാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലന്നും ജാഗ്രതയാണ് ആവശ്യമെന്നും പോലീസ് പറയുന്നു.

ഭീഷണിയുടെ പശ്ചാത്തലത്തിൽ പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ നടക്കുകയാണ്. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയില്‍പ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് മുംബൈ നിവാസികളോട് പോലീസ് പറയുകയാണ്. അനന്ത ചതുർദശിയുടെ ഭാഗമായി 21,000-ത്തിലധികം പോലീസുകാരെ ന​ഗരത്തിൽ വിന്യസിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. 12 അഡീഷണൽ പോലീസ് കമ്മീഷണർമാർ, 40 ഡെപ്യൂട്ടി കമ്മീഷണർമാർ, 61 അസിസ്റ്റന്റ് കമ്മീഷണർമാർ, 3,000 ഉദ്യോഗസ്ഥർ, 18,000 പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് വിന്യസിച്ചത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. സംഭവത്തിൽ തികളാഴ്ച്ച പ്രതി രൂപേഷ് മധുകർ റാൻപിസെ അറസ്റ്റിലായിട്ടുണ്ട്. ജൂലൈ അവസാന വാരത്തിലും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഫോടനം ഉണ്ടാകുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മൂന്ന് വ്യത്യസ്ത നമ്പറുകളിൽ നിന്നാണ് കോളുകൾ വന്നത്. എന്നാൽ സന്ദേശം വ്യാജമായിരുന്നു.

0Shares