Categories
channelrb special Kerala local news trending

മുക്കത്തുണ്ടായത് കൂട്ട ബലാത്സംഗ ശ്രമം; ഹോട്ടൽ ഉടമ അറസ്റ്റിൽ; കൂട്ടാളികൾക്കായി വലവിരിച്ച് പോലീസ്; ദേവദാസിനെ പിടികൂടിയ സംഭവം ഇങ്ങനെ..

കോഴിക്കോട്: മുക്കത്ത് ജീവനക്കാരിയെ താമസസ്ഥലത്ത് എത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കാൻ ശ്രമിച്ച ഹോട്ടൽ ഉടമ അറസ്റ്റിൽ. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്. പ്രതിയെ മുക്കത്ത് എത്തിച്ചു. ബസ് യാത്രക്കിടെയാണ് പോലീസ് പിന്തുടർന്ന് ദേവദാസിനെ പിടികൂടിയത്. സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെ പോലീസിന് പിടികൂടാനായത്. പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്നും ചാടി പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേരള വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട് റൂറൽ എസ്പിയോടാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതി കെട്ടിടത്തിൽ നിന്നും ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ ഇന്നലെ കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമായി കുടുംബം പുറത്തുവിട്ടത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും കൂട്ടുകാരായ റിയാസും സുരേഷും അതിക്രമിച്ച് കയറുന്നത്. പീഡനത്തിനായി മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചതോടെ യുവതി വീടിൻ്റെ മുകൾ നിലയിൽ നിന്നും ജീവൻ രക്ഷാർത്ഥം ചാടുകയാണുണ്ടായത്. വനിതാ സഹപ്രവർത്തകർ അവധിയിൽ പോയ തക്കം നോക്കിയാണ് പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറിയതും കൂട്ട ബലാത്സംഗത്തിന് ശ്രമിച്ചതും. സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കുടുംബം നൽകിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കഠിനമായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് പോലീസ് പറഞ്ഞു. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *