Trending News


മോര്‍ബി കേബിള്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 142 പേര്‍ മരിച്ചുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 170 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. പാലം നവീകരിച്ച കരാര്‍ ഏജന്‍സിക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ദുരന്തം അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലത്തിൻ്റെ അറ്റകുറ്റ പണികൾ നടത്തിയ കമ്പനിയുടെ ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തു. അപകടസ്ഥലം പ്രധാനമന്ത്രി സന്ദര്‍ശിക്കും.
Also Read
രണ്ടുകോടി രൂപ ചെലവിലാണ് പാലത്തിൻ്റെ നവീകരണം പൂര്‍ത്തിയാക്കിയത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അധികൃതര്‍ മോര്‍ബി പാലത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല.
”അത് സര്‍ക്കാര്‍ ടെന്‍ഡര്‍ ആയിരുന്നു. പാലം തുറക്കുന്നതിന് മുമ്പ് നവീകരണം നടത്തിയ ഒരെവ ഗ്രൂപ്പ് അതിൻ്റെ വിശദാംശങ്ങള്‍ നല്‍കേണ്ടതു ഉണ്ടായിരുന്നു. ഗുണനിലവാര പരിശോധനയും നടത്തേണ്ടതായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്തില്ല. സര്‍ക്കാരിന് ഇതേക്കുറിച്ച് അറിയില്ലായിരുന്നു”, മോര്‍ബി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സന്ദീപ് സിംഗ് സാല എന്‍.ഡി.ടി.വിയോട് പറഞ്ഞു.
ചെറുപ്പക്കാര്‍ പാലം കുലുക്കി
ഞായറാഴ്‌ച ആയതിനാലും ദീപാവലി തിരക്ക് കഴിഞ്ഞിട്ടില്ലാത്തതിനാലും പാലത്തില്‍ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. എന്നാല്‍, ഏതാനും ചെറുപ്പക്കാര്‍ മനഃപൂര്‍വം പാലം കുലുക്കാന്‍ തുടങ്ങിയെന്നും ഇതുമൂലം ആളുകള്‍ നടക്കാന്‍ ബുദ്ധിമുട്ടിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇക്കാര്യം ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് അഹമ്മദാബാദ് സ്വദേശി വിജയ് ഗോസ്വാമി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
”പാലത്തിന് മുകളില്‍ വലിയ ജനത്തിരക്കായിരുന്നു. ഏതാനും ചെറുപ്പക്കാര്‍ മനഃപൂര്‍വം പാലം കുലുക്കാന്‍ തുടങ്ങി. അപ്പോള്‍ ഞാനും കുടുംബവും പാലത്തിനു മുകളിലുണ്ടായിരുന്നു. ഇത് അപകടകരമാണെന്ന് തോന്നിയതിനാല്‍, പാലത്തിലൂടെ കുറച്ച് ദൂരം നടന്ന ശേഷം ഞങ്ങള്‍ തിരിച്ചിറങ്ങി”, വിജയ് ഗോസ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ”ചിലര്‍ പാലം കുലുക്കുന്നുണ്ടെന്ന് അവിടുന്നു പോരുന്നതിനു മുമ്പ് ഞാന്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍, ടിക്കറ്റ് വില്‍പനയില്‍ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. തിരക്ക് നിയന്ത്രിക്കാമുള്ള സംവിധാനമില്ലെന്നാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്. ഞങ്ങള്‍ പോയി മണിക്കൂറുകള്‍ക്ക് ശേഷം പാലം തകര്‍ന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

230 മീറ്റര്‍ നീളമുള്ള മാച്ചു നദിയ്ക്ക് കുറുകെയുള്ള 143 വര്‍ഷം പഴക്കമുള്ള വിനോദ സഞ്ചാര കേന്ദ്രമായ പാലത്തിന് വലിയൊരു ചരിത്രമുണ്ട്. അതേക്കുറിച്ച് കൂടുതലറിയാം.
മോര്‍ബി പാലം ചരിത്രം
ഗുജറാത്തിലെ മോര്‍ബി നഗരത്തിലുള്ള മാച്ചു നദിയില്‍ സ്ഥിതി ചെയ്യുന്ന 230 മീറ്റര്‍ നീളമുള്ള തൂക്കുപാലം ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ ഈ പാലം കാണാന്‍ എത്താറുണ്ടായിരുന്നു. ഉത്തരാഖണ്ഡിലെ ഗംഗയിലുള്ള രാമന്‍ ജൂല, ലക്ഷ്‌മണ്‍ ജൂല പാലങ്ങള്‍ക്ക് സമാന്തരമായാണ് ഈ പാലവും നിര്‍മിച്ചിരിക്കുന്നത്.
143 വര്‍ഷം മുമ്പ് മോര്‍ബിയുടെ മുന്‍ ഭരണാധികാരി സര്‍ വാഗ്‌ജി താക്കൂര്‍ നിര്‍മിച്ചതാണ് ഈ പാലമെന്ന് ചരിത്ര രേഖകള്‍ പറയുന്നു. കൊളോണിയല്‍ സ്വാധീനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു നിര്‍മാണം. ദര്‍ബര്‍ഗഡ് കൊട്ടാരത്തെ നസര്‍ബാഗ് കൊട്ടാരവുമായി (അന്നത്തെ രാജകൊട്ടാരങ്ങള്‍) ബന്ധിപ്പിക്കുന്നതിനാണ് പാലം നിര്‍മിച്ചത്.

1879 ഫെബ്രുവരി 20ന് അന്നത്തെ മുംബൈ ഗവര്‍ണറായിരുന്ന റിച്ചാര്‍ഡ് ടെമ്പിളാണ് ഈ തൂക്കുപാലം ഉദ്ഘാടനം ചെയ്തത്. പാലം നിര്‍മിക്കാനുള്ള എല്ലാ വസ്തുക്കളും ഇംഗ്ലണ്ടില്‍ നിന്നാണ് എത്തിച്ചത്. നിര്‍മാണത്തിന് 3.5 ലക്ഷം രൂപ ചെലവായി. 2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ പാലത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
നവീകരണം
ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍, മാച്ചു പാലം നവീകരിക്കുന്നതിനായി ആറ് മാസത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. ഒക്ടോബര്‍ 26ന്, അതായത് അപകടം നടക്കുന്നതിന് അഞ്ചു ദിവസം മുമ്പാണ് വീണ്ടും തുറന്നത്. പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തെങ്കിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അധികൃതര്‍ പാലത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല.

Sorry, there was a YouTube error.