
ബോഗോട്ട: വിമാനപകടത്തെ തുടര്‍ന്ന് കൊളംബിയയിലെ ആമസോണ്‍ വനത്തിലകപ്പെട്ട നാല് കുട്ടികളെയും ജീവനോടെ കണ്ടെത്തി. നീണ്ട നാൽപത് ദിവസത്തെ തെരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. കൊളംബിയന്‍ പ്രസിഡണ്ട് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം അറിയിച്ചത്.
”സന്തോഷിക്കേണ്ട ദിനം. കൊളംബിയന്‍ വനത്തില്‍ കാണാതായ കുട്ടികളെ ജീവനോടെ കണ്ടെത്തി. നാൽപത് ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തിയിരിക്കുന്നത്,” എന്നാണ് ഗുസ്താവോ പെട്രോ ട്വീറ്റ് ചെയ്തത്. കുട്ടികളെ കണ്ടെത്തിയ ചിത്രവും ട്വീറ്റിനോടൊപ്പം ചേര്‍ത്തിരുന്നു. 1, 4, 9, 13 വയസുള്ള കുട്ടികളെയാണ് വനത്തിനുള്ളില്‍ കാണാതായത്.

”അതെ കുഞ്ഞുങ്ങളെ കണ്ടെത്തിയിരിക്കുന്നു. ഒരു ഹെലികോപ്ടറിലോ വിമാനത്തിലോ അവിടെയെത്തണം. അവരെ തിരികെ കൊണ്ടുവരണം,”കുട്ടികളുടെ മുത്തച്ഛന്‍ ഫിഡന്‍സിയോ വാലേന്‍സിയ പറഞ്ഞു.
ഉയിട്ടോട്ടോ വിഭാഗത്തിലുള്ളവരാണ് ഈ നാല് കുട്ടികള്‍. മെയ് ഒന്നിന് ഇവര്‍ സഞ്ചരിച്ചിരുന്ന സെസേന 206 വിമാനം വനത്തിനുള്ളില്‍ തകര്‍ന്നു വീണിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഇവര്‍ വനത്തിനുള്ളില്‍ അകപ്പെടുകയായിരുന്നു.
വിമാനാപകടത്തില്‍ കുട്ടികളുടെ അമ്മ മരിച്ചിരുന്നു. വിമാനത്തിന് തൊട്ടടുത്ത് നിന്ന് പൈലറ്റുള്‍പ്പടെ മൂന്ന് പേരുടെ മൃതദേഹമാണ് ലഭിച്ചത്. അതില്‍ കുട്ടികളുടെ അമ്മയുടെ മൃതദേഹവുമുണ്ടായിരുന്നു.
