
കാസർകോട്: ഗ്രാമീണ മേഖലയിൽ അടക്കം കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കുന്നതിന് കെ സ്റ്റോർ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ. കാഞ്ഞങ്ങാട് ചേടീ റോഡിൽ ആരംഭിച്ച സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാചകവാതകവും മിൽമ, ശബരി ഉൽപ്പന്നങ്ങളുമടക്കം കെ സ്റ്റോറുകൾ വഴി ലഭ്യമാകും. നിലവിൽ സംസ്ഥാനത്തെ 390 റേഷൻ കടകളിൽ 38 എണ്ണമാണ് റേഷൻ കടകളെ കൂടുതൽ സ്മാർട്ട് ആക്കുന്ന കെ സ്റ്റോറുകൾ ആയി മാറിയിട്ടുള്ളത്. വരും ദിവസങ്ങളിൽ കെ സ്റ്റോറുകളുടെ സേവനങ്ങൾ കൂടുതൽ റേഷൻകടകളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാൻ പദ്ധതിയിടുന്നത് എന്നും മന്ത്രി പറഞ്ഞു. 2016 മുതലിങ്ങോട്ട് നിരക്കിൽ വലിയ വ്യത്യാസം വരാതെയാണ് വിവിധ സബ്സിഡി ഉൽപ്പന്നങ്ങൾ സപ്ലൈകോ സ്റ്റോറുകൾ വഴി പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. റേഷൻ കടകളെ ആശ്രയിക്കുന്ന പൊതുജനങ്ങളുടെ എണ്ണം വർധീക്കുന്നുവെന്നത് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വിൽക്കപ്പെടുന്നുവെന്നതിനുള്ള തെളിവാണെന്നും മന്ത്രി പറഞ്ഞു.
മറ്റു ചില സംസ്ഥാനങ്ങളിൽ റേഷൻ കടകൾ പ്രവർത്തനം അവസാനിപ്പിക്കുന്ന സാഹചര്യമുണ്ടായപ്പോൾ കേരളം ഇവയെ കൂടുതൽ ജനകീയമാക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ നാലു വർഷത്തിനിടെ 34969 പുതിയ റേഷൻ കാർഡുകൾ ആണ് വിതരണം ചെയ്തത്. സപ്ലൈകോ വഴി മികച്ച ഗുണ നിലവാരത്തിലും വിലക്കുറവിലും ലഭിക്കുന്ന പതിമൂന്നിന ഉൽപ്പന്നങ്ങൾ വീണ്ടും വിലകുറച്ച് എത്തിക്കുന്നതിനും സർക്കാർ മുൻകൈയെടുക്കും. സ്വകാര്യ സ്ഥാപനങ്ങളും കേന്ദ്ര ഗവൺമെൻറ് സ്ഥാപനങ്ങളും ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന വിലയേക്കാൾ തുച്ഛമായ വിലയ്ക്ക് ഉൽപ്പന്നങ്ങൾ ഈ ഓണക്കാലത്ത് ജനങ്ങൾക്ക് ലഭ്യമാക്കാൻ ഉള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. വെളിച്ചെണ്ണയുടെ വില നിയന്ത്രിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇ ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ.വി. സുജാത ആദ്യവിൽപ്പന നിർവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.ലത, കെ.വി. സരസ്വതി, കെ.അനീശൻ, കെ.വി. പ്രഭാവതി, നഗരസഭ കൗൺസിലർമാരായ എൻ.വി.രാജൻ, പള്ളിക്കൈ രാധാകൃഷ്ണൻ, പി.വി. മോഹനൻ, കെ.രവീന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, ഉമേശൻ വേളൂർ, എൻ. ബാലകൃഷ്ണൻ, വി. വെങ്കിടേഷ്, സി.കെ. വത്സലൻ, യു.കെ. ജയപ്രകാശ്, ആനന്ദൻ എന്നിവർ സംസാരിച്ചു. സപ്ലൈകോ ജനറൽ മാനേജർ വി.കെ.അബ്ദുൾ ഖാദർ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ. ബിന്ദു നന്ദിയും പറഞ്ഞു.
