ജനങ്ങൾ നേരിടുന്ന കടുത്ത യാത്രാബുദ്ധിമുട്ടുകൾക്ക് പരിഹാരം വേണം; കണ്ണൂർ- മംഗളൂരു റൂട്ടിൽ കൂടുതൽ മെമു സർവീസ് ആരംഭിക്കണം; ജില്ലാ വികസന സമിതി

You are currently viewing ജനങ്ങൾ നേരിടുന്ന കടുത്ത യാത്രാബുദ്ധിമുട്ടുകൾക്ക് പരിഹാരം വേണം; കണ്ണൂർ- മംഗളൂരു റൂട്ടിൽ കൂടുതൽ മെമു സർവീസ് ആരംഭിക്കണം; ജില്ലാ വികസന സമിതി

കാസർകോട്: പാസഞ്ചർ ട്രെയിനുകളുടെ അപര്യാപ്തത കാരണം കാസർകോട് ജില്ലയിലെ ജനങ്ങൾ നേരിടുന്ന കടുത്ത യാത്രാബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിന് മെമു സർവീസ് മംഗലാപുരം വരെ നീട്ടണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. എം രാജഗോപാലൻ എം.എൽ.എ പ്രമേയം അവതരിപ്പിച്ചു. സി എച്ച് കുഞ്ഞമ്പു എം.എൽ.എ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ടി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നിലവിൽ കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ ഒരു പാസഞ്ചർ ട്രെയിൻ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. ദിവസേന വളരെ തിരക്കേറിയ ട്രെയിനാണിത്. നൂറുകണക്കിന് ദിവസ വേതന തൊഴിലാളികൾ, ഓഫീസ് ജീവനക്കാർ, വിദ്യാർത്ഥികൾ, വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന രോഗികൾ എന്നിവർ നിത്യേന ആശ്രയിക്കുന്നതാണ് ഈ ട്രെയിനിനെയാണ്. അടുത്തിടെ കോച്ചുകളുടെ എണ്ണം 14 ൽ നിന്ന് 11 ആയി കുറച്ചത് കണ്ണൂർ മംഗലാപുരം റൂട്ടിൽ യാത്ര ക്ലേശം രൂക്ഷമാക്കി.

ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്ക് അടുത്തിടെ ആരംഭിച്ച മെമു സർവീസ് കണ്ണൂർ സ്റ്റേഷനിൽ എല്ലാ ദിവസവും ഏകദേശം 9 മണിക്കൂർ നിർത്തിയിടുന്ന സ്ഥിതിയാണ്. ഈ മെമു ട്രെയിൻ ഷൊർണൂർ-കണ്ണൂർ എന്നത് കാസർഗോഡ് അല്ലെങ്കിൽ മംഗളൂരു വരെ നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. ഏകദേശം 3 മണിക്കൂർ മാത്രമേ കണ്ണൂർ മംഗലാപുരം യാത്രക്ക് ആവശ്യം. കണ്ണൂർ സ്റ്റേഷനിൽ നിലവിൽ ട്രെയിൻ ചെലവഴിക്കുന്ന സമയം മതിയാകും ഈയാത്രക്ക്. ഇതുവഴി ജനങളുടെ യാത്ര പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നും യോഗം വിലയിരുത്തി. ഈ വിപുലീകരണം പൊതുജന സൗകര്യം വർദ്ധിപ്പിക്കുക മാത്രമല്ല, തുല്യമായ വികസനം, റെയിൽവേ ആസ്തികൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തൽ എന്നീ വലിയ ലക്ഷ്യങ്ങൾ നിറവേറ്റുകയും ചെയ്യും. ഈ വിഷയത്തിൽ അടിയന്തര ഇടപെടലും അനുകൂല തീരുമാനവും ഉണ്ടാകുന്നതിന് ജില്ലാ വികസന സമിതി യോഗം അഭ്യർത്ഥിച്ചു.

0Shares