
ഷവര്‍മ, ബാര്‍ബിക്യൂ, ഷവായി, അല്‍ഫാം, കുഴിമന്തി തുടങ്ങിയ അറേബ്യന്‍ വിഭവങ്ങള്‍ക്കൊപ്പം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മയോണൈസ്. ഭക്ഷ്യ വിഷബാധയില്‍ പലപ്പോഴും വില്ലനാകുന്നതും ഈ മയോണൈസാണ്. ന്യൂജന്‍ റെസ്റ്റോറണ്ടുകളിലെ തീന്‍മേശയില്‍ എത്തുന്ന യുവാക്കളുടെ ഇഷ്‌ടവിഭവമായ മയോണൈസ് പാതി വെന്ത മുട്ടയിലാണ് ഉണ്ടാക്കേണ്ടത്.
എന്നാല്‍, എളുപ്പത്തിന് മിക്ക ഹോട്ടലുകളിലും പച്ചമുട്ട ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇത് ‘സാല്‍മൊണല്ല’ വൈറസുകള്‍ക്ക് കാരണമാകും. സാധാരണ ഊഷ്‌മാവില്‍ അധികസമയം തുറന്നു വയ്ക്കുമ്പോഴുണ്ടാകുന്ന പൂപ്പലാണ് മയോണൈസിനെ വില്ലനാക്കുന്നത്. ഇത് മാരക അസുഖങ്ങള്‍ക്ക് ഇടയാക്കും. രണ്ടുമണിക്കൂറാണ് പരമാവധി മയോണൈസിൻ്റെ ആയുസ്സ്.

എന്നാല്‍, കടകളില്‍ ഇത് പത്തും പന്ത്രണ്ടും മണിക്കൂറാണ് തുറന്നുവച്ച് ഉപഭോക്താക്കള്‍ക്ക് വിളമ്പുന്നത്. ഉപ്പിലിട്ടത് വേഗത്തില്‍ തയ്യാറാക്കാന്‍ ചില കടകള്‍ ബാറ്ററി വെള്ളം ചേര്‍ക്കുന്നതും അപകടകരമാണ്.
വൃത്തിയില്ലായ്‌മയും വില്ലന്‍
വൈകുന്നേരങ്ങളില്‍ വെളിച്ചം വിതറുന്ന ലൈറ്റുകള്‍ക്കൊപ്പം കടകളില്‍ കാണുന്ന പതിവുകാഴ്‌ചയാണ് വൈക്കോല്‍ കൂനപോലെ അടുക്കിവച്ച മാംസം നിറച്ച ഷവര്‍മ തട്ടുകള്‍. ഒപ്പം കനലില്‍ ചുട്ടെടുക്കുന്ന അല്‍ഫാം എന്ന അറേബ്യന്‍ വിഭവവും. ശ്രദ്ധയോടെയും വൃത്തിയോടെയും പാചകം ചെയ്യണ്ടതാണ് ഇവ. എന്നാല്‍, പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല.
ശ്രദ്ധിക്കേണ്ടവ
ഹോട്ടലുകളിലെ ഫ്രിഡ്‌ജുകളില്‍ പച്ചക്കറിയും വേവിച്ച ഇറച്ചിയും ഒരുമിച്ച് സൂക്ഷിക്കരുത്
ഇറച്ചി തൂക്കിയിടുന്ന കമ്പിയും അല്‍ഫാം വേവിക്കുന്ന ഇരുമ്പ് നെറ്റും എല്ലാദിവസവും വൃത്തിയാക്കണം
ഇറച്ചി നന്നായി വെന്തില്ലെങ്കില്‍ ബാക്ടീരിയകള്‍ നശിക്കില്ല. ഷവര്‍മയില്‍ എല്ലാവശത്തും തീ കൃത്യമായി എത്തി മാംസം നല്ലപോലെ വേവണം. ബാക്കിവരുന്ന ഇറച്ചി അടുത്ത ദിവസത്തേക്ക് ഉപയോഗിക്കുന്നതും അപകടമാണ്. ഷവര്‍മയ്ക്കും അല്‍ഫാമിനും ഒപ്പം നല്‍കുന്ന സാലഡിലെ പച്ചക്കറികള്‍ കേടാകാത്തത് ആണെന്ന് ഉറപ്പാക്കണം.
