കാസര്‍കോട് നഗരസഭയിൽ 45 ഓളം ജീവനക്കാര്‍ സ്ഥലം മാറിപ്പോകുന്നു; വിവിധ ഗ്രാമ പഞ്ചായത്തുകളിലും കൂട്ട സ്ഥലംമാറ്റം, സേവന പ്രവര്‍ത്തനങ്ങൾ താളം തെറ്റും

You are currently viewing കാസര്‍കോട് നഗരസഭയിൽ 45 ഓളം ജീവനക്കാര്‍ സ്ഥലം മാറിപ്പോകുന്നു; വിവിധ ഗ്രാമ പഞ്ചായത്തുകളിലും കൂട്ട സ്ഥലംമാറ്റം, സേവന പ്രവര്‍ത്തനങ്ങൾ താളം തെറ്റും

കാസര്‍കോട്: സംസ്ഥാന പൊതുസ്ഥലംമാറ്റ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് നഗരസഭയിലെ 19 ജീവനക്കാരെ മറ്റു സ്ഥാപനങ്ങളിലേക്ക് സ്ഥലംമാറ്റിയതിന് പിന്നാലെ ജില്ലാതല സ്ഥലംമാറ്റ കരട് ലിസ്റ്റില്‍ ഇരുപത്തഞ്ചോളം ജീവനക്കാരും ഉള്‍പ്പെടുന്നു. ആകെ 45 ജീവനക്കാര്‍ സ്ഥലം മാറിപ്പോകുന്നതോടെ കാസര്‍കോട് നഗരസഭയുടെ സേവന പ്രവര്‍ത്തനങ്ങൾ താളം തെറ്റും. നിലവില്‍ നഗരസഭയില്‍ സെക്രട്ടറി തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്.

സ്ഥലം മാറിപ്പോയ സെക്രട്ടറിക്ക് പകരം നിയമനം വന്നിട്ടില്ല. സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി സെക്രട്ടറിയും പുതിയ സ്ഥലംമാറ്റ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. എന്നാല്‍ പകരം ഈ തസ്‌തികയിലേക്ക് ആളെ നിയമിച്ചിട്ടില്ല. കൂടാതെ സ്ഥലംമാറ്റ ലിസ്റ്റില്‍ ഉള്‍പ്പെട്ട റവന്യൂ ഇന്‍സ്‌പെക്ടര്‍ക്ക് പകരവും ആളെ നിയമിച്ചിട്ടില്ല.

ഏറെ ശ്രദ്ധ പതിയേണ്ട ആരോഗ്യ വിഭാഗത്തിലെ 99 ശതമാനം ജീവനക്കാരെയും സ്ഥലം മാറ്റിയിരിക്കുകയാണ്. ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാത്രമാണ് കാസര്‍കോട് നഗരസഭയില്‍ അവശേഷിക്കുന്നത്. ആരോഗ്യ വിഭാഗത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിലക്കും.

സ്ഥലംമാറ്റ ഉത്തരവിലൂടെ നഗരസഭയിലേക്ക് വരേണ്ട ജീവനക്കാര്‍ ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. അതേസമയം ജോലിയില്‍ പ്രവേശിച്ച ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അവധിയെടുത്ത് പോവുകയും ചെയ്‌തു. എഞ്ചിനീയറിംഗ് വിഭാഗത്തിലും കൂട്ട സ്ഥലംമാറ്റം വന്നിട്ടുണ്ട്.

കെട്ടിട അപേക്ഷകളും മറ്റും കെട്ടിക്കിടക്കേണ്ട അവസ്ഥ വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 84 ശതമാനത്തിലധികം പദ്ധതി തുക ചെലവഴിച്ച് ജില്ലയില്‍ ഒന്നാമതായ നഗരസഭയാണ് കാസര്‍കോട്. സംസ്ഥാന തലത്തിലും മികച്ച നേട്ടം കൈവരിക്കാന്‍ കാസര്‍കോടിന് കഴിഞ്ഞിരുന്നു. ഇപ്പോഴുള്ള കൂട്ട സ്ഥലംമാറ്റങ്ങള്‍ നഗരസഭയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കാനുള്ള മനപ്പൂര്‍വ്വ ശ്രമമാണെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലും ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിട്ടുണ്ട്.

0Shares