സ്വര്‍ണം നാല് പവനില്‍ കൂടുതല്‍ ബില്ലില്ലാതെ പുറത്തിറങ്ങിയാല്‍ പിഴ; ഇ-വേ ബില്‍ വരുമ്പോള്‍ സംഭവിക്കുക ഇതാണ്

  • Post category:business / Kerala / news
  • Reading time:2 mins read
You are currently viewing സ്വര്‍ണം നാല് പവനില്‍ കൂടുതല്‍ ബില്ലില്ലാതെ പുറത്തിറങ്ങിയാല്‍ പിഴ; ഇ-വേ ബില്‍ വരുമ്പോള്‍ സംഭവിക്കുക ഇതാണ്

തിരുവനന്തപുരം: രണ്ടുലക്ഷവും അതിന് മുകളിലും വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ സംസ്ഥാനത്തിനകത്ത് കൊണ്ടുപോകാൻ അംഗീകൃത രേഖയോ ഇ-വേ ബില്ലോ നിര്‍ബന്ധമാക്കിയ ചൊവ്വാഴ്‌ചത്തെ ജി.എസ്.ടി.കൗണ്‍സില്‍ തീരുമാനം പരക്കെ ആശങ്കയുണര്‍ത്തി. നാലുപവൻ സ്വര്‍ണ്ണം പോലും ഇൻവോയ്സോ ബില്ലോ ഇല്ലാതെ കൊണ്ടുപോകുന്നത് പിടിക്കപ്പെട്ടാല്‍ പിഴയും നികുതിയുമെല്ലാം കൊടുക്കേണ്ടി വരുമെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

പൊതുജനങ്ങള്‍ വാങ്ങിക്കൊണ്ട് പോയാല്‍ കടകളിലെ ബില്‍ വേണം. സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നവരാണെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖവേണം. വിവാഹങ്ങള്‍ അടക്കമുള്ള ചടങ്ങുകള്‍ക്ക് ദൂരയാത്ര പോകുമ്പോള്‍ പലരും പരമ്പരാഗത സ്വര്‍ണം ഉള്‍പ്പെടെ ബാഗില്‍ കൊണ്ടുപോകാറുണ്ട്. അതും പിടിക്കുമോ? വീട്ടില്‍ വാങ്ങിവച്ചിട്ടുള്ള സ്വര്‍ണം സമ്മാനമായി നല്‍കാൻ കൊണ്ടുപോകാറുണ്ട്. അത് പിടിച്ചാലും കുഴപ്പമാകുമോ? തുടങ്ങി നിരവധി ആശങ്കകളാണ് ജനങ്ങള്‍ക്കുള്ളത്.

ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചണ്ട്സ് അസോസിയേഷൻ പറയുന്നത് സ്വര്‍ണത്തിന് ഇ-വേ ബില്‍ ശരിയായ നീക്കമല്ലെന്നാണ്. ഇത് ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കുന്നതാണെന്നും അവര്‍ പറയുന്നു. ജി.എസ്.ടി.കൗണ്‍സില്‍ ദേശീയ തലത്തില്‍ അംഗീകരിച്ചുവെങ്കിലും സംസ്ഥാനത്തിനകത്തെ സ്വര്‍ണ നീക്കത്തിന് ഇ-വേ ബില്‍ നടപ്പാക്കുന്നത് കേരളമടക്കമുള്ള ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ്.

സ്വര്‍ണ വ്യാപാരികള്‍ ചോദിക്കുന്നത്:

1.സ്വര്‍ണ്ണം കൊണ്ടുപോകുമ്പോള്‍ സ്വകാര്യ ആവശ്യത്തിനാണോ വാണിജ്യ ആവശ്യത്തിനാണോ എന്ന് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എങ്ങനെ തിരിച്ചറിയും? ആഭരണ നിര്‍മ്മാണം പൂര്‍ത്തിയായി വിപണിയില്‍ എത്തും മുമ്പ് അത് നിരവധി ഫാക്ടറികളിലൂടെയും ലാബുകളിലൂടെയും കയറിയിറങ്ങുന്നുണ്ട്. ഓരോ ഘട്ടത്തിലും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുമ്പോള്‍ ഇ-വേ ബില്‍ ആവശ്യമായി വന്നാല്‍ അത് വിവര ചോര്‍ച്ചയ്ക്ക് ഇടയാക്കും. അത് സുരക്ഷയെ ബാധിക്കാം.

  1. നാൽപത് ലക്ഷം രൂപവരെ വാര്‍ഷിക വിറ്റുവരവുള്ള സ്വര്‍ണ വ്യാപാരികളെ ജി.എസ്.ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അങ്ങനെ ഒഴിവാക്കപ്പെട്ട ഒരു വ്യാപാരി 32 ഗ്രാം സ്വര്‍ണവുമായി പോയാല്‍, അല്ലെങ്കില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണവുമായി പോയാല്‍ അത് പിടിക്കപ്പെടുകയാണെങ്കില്‍, 40 ലക്ഷം രൂപവരെയുള്ള ആനുകൂല്യം എങ്ങനെയാണ് ഫലപ്രദമാവുക?

”വ്യപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സ്വര്‍ണത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കം.

  • എസ്. അബ്ദുല്‍ നാസര്‍, ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചണ്ട്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍

”സംസ്ഥാനത്തിനകത്തെ സ്വര്‍ണനീക്കത്തിന് ഇ-വേ ബില്‍ അംഗീകരിച്ചുവെങ്കിലും അത് എങ്ങനെ നടപ്പാക്കണമെന്നത് തീരുമാനിക്കാൻ ഇരിക്കുന്നതേയുള്ളു. ആശങ്കകള്‍ ദൂരീകരിച്ചാവും അത് തീരുമാനിക്കുക”.

  • സംസ്ഥാന ധനവകുപ്പ്

നികുതി ചോര്‍ച്ച തടയാൻ

സംസ്ഥാനത്ത് 2021 -22ല്‍ 1.01 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് സ്വര്‍ണ വ്യാപാരമേഖല രേഖപ്പെടുത്തിയെന്നാണ് ധനവകുപ്പിൻ്റെ വിലയിരുത്തല്‍. ഇതുപ്രകാരം പിരിഞ്ഞുകിട്ടേണ്ട മൊത്തം ജി.എസ്.ടി 3,000 കോടിയോളം രൂപയാണ്. ഇതില്‍ 1,500 കോടിയോളം സംസ്ഥാന വിഹിതമായി ലഭിക്കണം. എന്നാല്‍, എസ്.ജി.എസ്.ടിയായി ആ വര്‍ഷം ലഭിച്ചത് 393 കോടി മാത്രമാണ്. അതിനാല്‍ നികുതി ചോര്‍ച്ച തടയാൻ നടപടിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ നിലപാടടുള്ളത്.

0Shares