Categories
local news news

മടിയൻ കൂലോം കലോത്സവം അടോട്ട് കളരിയിൽ ഓലകൊത്തൽ ചടങ്ങ് നടന്നു

തെക്ക് തൃക്കരിപ്പൂർ ഒളവറപ്പുഴ മുതൽ വടക്ക് ചിത്താരി പുഴ വരെ അള്ളട മുക്കാതം നാട്ടിന്നധിപൻ ക്ഷേത്രപാലകൻ ഈശ്വരൻ വാഴുന്ന മടിയൻ കൂലോം കലോത്സവത്തിൻ്റെ ഭാഗമായി അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയിൽ വരുന്ന അടോട്ട് കളരിയിൽ ഓല കൊത്താൽ ചടങ്ങ് നടന്നു. കളരിയിൽ ദീപം വെച്ച് പ്രാർത്ഥനയ്ക്ക് ശേഷം ആചാര സ്ഥാനികർ, കുമ്മണാർ കളരി അവകാശി, കോയ്മ, കൂട്ടായി കാർ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ മറ്റ് ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ജയേഷ് കൂട്ടായി കാരൻ തെങ്ങിൽ കയറി ഓലകൊത്തിയിട്ടു. നിലത്ത് വീണ ഓലയുടെ ദിശയും കിടപ്പും അടിസ്ഥാനമാക്കി ജന്മഗണിശൻ വിനോദ് കപ്പണക്കാൽ ലക്ഷണം പറഞ്ഞ് വിശദമാക്കി. പിന്നീട് ഈ ഓലയ്ക്ക് ചുറ്റും വലം വച്ച് ആചാരക്കാർ അരിയും കുറിയും ചാർത്തി ഓല പ്രത്യേക രീതിയിൽ കെട്ടിയെടുത്ത് കളരിയിൽ വച്ചു. കലശത്തിന് ഓല കൊത്തിയാൽ പിന്നീട് കലശം കഴിയുന്നതുവരെ കൂലോം പരിധിയിൽ വരുന്ന പ്രദേശത്ത് മരമോ ഓലയോ മുറിക്കാൻ പാടില്ല എന്നതാണ് നാട്ടുവഴക്കം. കൊത്തിയെടുത്ത ഓല കലശ ദിവസം രണ്ടായി പകുത്ത് മെടഞ്ഞു കൂലോത്തേക്ക് കലശവുമായി പോകുമ്പോൾ മുമ്പേ നടന്ന് മാർഗ്ഗ തടസ്സങ്ങൾ നീക്കുന്നതിനാണ് ഉപയോഗിക്കുന്നത്. കൂലോത്തെ കലശ തറയ്ക്ക് മുകളിൽ ഈ ഓലയിട്ടാണ് കലശപന്തൽ ഒരുക്കുന്നത്. മെയ് 23, 24 തീയതികളിലാണ് മടിയൻ കൂ ലോത്തെ കലശോത്സവം നടക്കുക. അകത്തെ കലശം ഇരുപത്തിമൂന്നാം തീയ്യതിയും പുറത്തെ കലശം ഇരുപത്തിനാലാം തീയ്യതിയും നടക്കും. കലോത്സവത്തിൻ്റെ ഭാഗമായി 6 കലശങ്ങളാണ് മടിയൻ കൂലോത്ത് ഉള്ളത്. കിഴക്കുംകര ഇളയിടത്ത് കുതിരിലെ തെരളി, ഭട്യൻ എന്നീ രണ്ട് കലശങ്ങൾ, അടോട്ട് മൂത്തേടത്ത് കുതിരിലെ ഒരു കലശം, മധുരക്കാട്ട് വയലിൽ നിന്നുള്ള ഒന്ന്, മടിക്കൈ ആയളം കഴുകത്തിൽ നിന്നും രണ്ട് കലശങ്ങൾ. അടോട്ട് കളരിയിൽ നിന്നുള്ള കലശം ഷാജി മണ്ണട്ടയും മധുരക്കാട് വയലിൽ നിന്നുള്ള കലശം മനോജ് തട്ടുമ്മലും തലയിലേന്തും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest