
ഉളിയത്തടുക്ക (കാസർകോട്): മധൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി 18ാം വാർഡിൽ നിലവിലുള്ള സ്റ്റേഡിയത്തിനെ മാലിന്യ സംഭരണ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെ ഇടത് അംഗങ്ങൾ. പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച അംഗങ്ങൾ ഏകപക്ഷീയമായ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും അറിയിച്ചു. വാർഡ് മെമ്പർ സി.എം ബഷീറിനും ഇടത് അംഗങ്ങൾക്കും പഞ്ചായത്ത് പ്രസിഡൻ്റ് നൽകിയ ഉറപ്പ് പാലിച്ചില്ല എന്നും പ്രതിഷേധക്കാർ പറഞ്ഞു. നാട്ടുക്കാരെയും വിവിധ ക്ലബ് പ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും വിളിച്ച് ചേർത്ത് സമവായത്തിലൂടെ മാത്രമെ മുന്നോട്ട് പോകുവെന്നു പഞ്ചായത്ത് പ്രസിഡൻ്റ് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പാലിക്കാതെയാണ് വള്ളരെ രഹസ്യമായി മാലിന്യ സംഭരണ കേന്ദ്രത്തിൻ്റെ പ്രവൃത്തി ആരംഭിക്കാനുള്ള ശ്രമം നടത്തിയത്. നിരവധി കായിക താരങ്ങളും ക്ലബുകളും ആർമി, പോലീസ് ഉദ്യോഗസ്ഥർ, സ്കൂൾ- കോളജ് വിദ്യാർഥികൾ കായിക മത്സരങ്ങൾക്കും പരിശീലനത്തിനും ഉപയോഗിക്കുന്ന ഉളിയത്തടുക്ക ടൗണിലെ പ്രധാന സ്റ്റേഡിയമാണ് മാലിന്യ സംഭരണ കേന്ദ്രമാക്കാൻ ഭരണസമിതി ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കായിക മന്ത്രിക്കും സി.എം ബഷീർ പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് ബോർഡ് യോഗത്തിൽ ഈ വിഷയം ഉന്നയിച്ച ഇടത് അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫും പ്രതിഷേധത്തിലാണ്.
