
മേൽപറമ്പ്(കാസർകോട്): കാസർകോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് അറ്റകുറ്റ പണി നടത്താത്തതിൽ ജനം ദുരിതത്തിലായിയി. യാത്രക്കാർ അനുഭവിക്കുന്ന പ്രയാസം ബന്ധപ്പെട്ടവർ കണ്ടില്ലെന്ന് നടിക്കുകയാണ്. കെ.എസ്.ടി.പി റോഡ് നവീകരണ കാര്യത്തിൽ അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ ബഹുജന സമരത്തിനിറങ്ങുമെന്ന് യു.ഡി.എഫ് അറിയിച്ചു. ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് യോഗമാണ് മുന്നറിയിപ്പ് നൽകിയത്. നിരവധി സ്ക്കൂളുകളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളും വാഹന യാത്രക്കാരുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്. നാഷണൽ ഹൈവേ പ്രവർത്തി നടക്കുന്നതിനാൽ ചരക്ക് വാഹനങ്ങളും ഇത് വഴിയാണ് പോകുന്നത്. മാസങ്ങളായി ദുരിതം പേറുകയാണ് നാട്ടുകാർ. അധികൃതർ അനങ്ങാപാറ നയം വെടിയണം. ചെമനാട് മുതൽ കളനാട് വരെ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴവെള്ളം നിറഞ്ഞ് കുഴി കാണാത്ത സാഹചര്യത്തിൽ ബൈക്ക് യാത്രക്കാർ സ്ഥിരം അപകടത്തിൽപെടുന്നു. രണ്ട് മാസം മുമ്പ് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ ചെമനാട് വെച്ച് ബൈക്കപകടത്തിൽ മരണപ്പെട്ടതും റോഡിലെ അപാകതയാണ്. റോഡ് തകർന്നിട്ടും നിരവധി അപകടങ്ങൾ നടന്നിട്ടും ഉദുമ എം.എൽ.എ അറിഞ്ഞമട്ടില്ല. അവഗണനയാണ് തുടരുന്നത്. ഈ സാഹചര്യത്തിൽ ബഹുജന സമരത്തിന് നേതൃത്വം നൽകാനാണ് തീരുമാനമെന്നും യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സ്തംഭനാവസ്ഥയ്ക്കെതിരെ 23 ന് നടക്കുന്ന കലക്ട്രേറ്റ് യു.ഡി.എഫ് പ്രതിഷേധ സംഗമം വിജയിപ്പിക്കാനും പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ യു.ഡി.എഫ് കൺവീനർ എ.ഗോവിന്ദൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഉദുമ നിയോജക മണ്ഡലം കൺവീനർ കെ.ബി മുഹമ്മദ് കുഞ്ഞി പ്രവർത്തനങ്ങൾ വിശദീകരിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം ഹക്കീം കുന്നിൽ, ഡി.ഡി.സി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വൽ, ആർഎസ്പി ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര അബ്ദുൽ കാദർ, ട്രഷറർ ഹമീദ് മാങ്ങാട്, ഹാരിസ് തൊട്ടി, എം.കെ.അബ്ദുൽ റഹിമാൻ ഹാജി, മുഹമ്മദ് കുഞ്ഞി പെരുമ്പള, കൃഷ്ണൻ ചട്ടഞ്ചാൽ, ഖാലിദ് ബെള്ളിപ്പാടി, ബി.സി. കുമാരൻ, സിദ്ധീഖ് പള്ളിപ്പുഴ, ബി.എം.അബൂബക്കർ ഹാജി, ബി.ബാലകൃഷ്ണൻ, എം.പി.എം ഷാഫി, കെ.ടി നിയാസ്, രാഘവൻ എം സംസാരിച്ചു.
