തല്ലണ്ട അമ്മാവാ നന്നാവില്ല; ഡീസല്‍ ഇല്ലാതെ കെഎസ്‌ആര്‍ടിസി, ഓര്‍ഡിനറി ബസുകള്‍ 50% മാത്രം ഓടുന്നു, ഞായറാഴ്‌ച ഓട്ടം ഉണ്ടാവില്ലെന്ന് അറിയിപ്പുകൾ

  • Post category:business / Kerala / news
  • Reading time:1 min read
You are currently viewing തല്ലണ്ട അമ്മാവാ നന്നാവില്ല; ഡീസല്‍ ഇല്ലാതെ കെഎസ്‌ആര്‍ടിസി, ഓര്‍ഡിനറി ബസുകള്‍ 50% മാത്രം ഓടുന്നു, ഞായറാഴ്‌ച ഓട്ടം ഉണ്ടാവില്ലെന്ന് അറിയിപ്പുകൾ

കാസർകോട്‌ / തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ പ്രതിസന്ധി രൂക്ഷമായോടെ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് വെള്ളിയാഴ്‌ച നിരവധി സര്‍വീസുകള്‍ റദ്ദാക്കി. നിലവില്‍ ഓര്‍ഡിനറി സര്‍വീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്‌ച 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമേ സര്‍വീസ് നടത്തൂ എന്ന് കെഎസ്‌ആര്‍ടിസി വ്യക്തമാക്കി. ഞായറാഴ്‌ച ഓര്‍ഡിനറി ബസ്സുകള്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കും.

നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൻ്റെ ഭാഗമായും ഡീസലിൻ്റെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും മോശം കാലാവസ്ഥയിലുമാണ് വരുമാനമില്ലാതെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും ഉച്ചക്ക് ശേഷം കഴിവതും കൃത്യമായി ഓപ്പറേറ്റ് ചെയ്യുകയും ഞായറാഴ്‌ച ഉച്ചക്ക് ശേഷം എല്ലാ ദീര്‍ഘദൂര സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുകയും തിങ്കളാഴ്‌ച തിരക്ക് ഉണ്ടാകുമ്പോള്‍ ഏതാണ്ട് പൂര്‍ണമായും ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.

ലഭ്യമായ ഡീസല്‍ ഉപയോഗിച്ച്‌ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയില്‍ പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ ട്രിപ്പുകള്‍ ക്രമീകരിച്ച്‌ ഓപ്പറേറ്റ് ചെയ്യണമെന്നും ഉത്തരവിലുണ്ട്. തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം

0Shares