ഭക്ഷണ വിതരണത്തിന് സജ്ജമാക്കുന്ന ഫുഡ് ട്രക്ക് പദ്ധതിയുമായി കെ.എസ്.ആർ.ടി.സി; ഉപയോഗിക്കുന്നത് കൈവശമുള്ള പഴയ ബസുകൾ

  • Post category:news
  • Reading time:1 min read
You are currently viewing ഭക്ഷണ വിതരണത്തിന് സജ്ജമാക്കുന്ന ഫുഡ് ട്രക്ക് പദ്ധതിയുമായി കെ.എസ്.ആർ.ടി.സി; ഉപയോഗിക്കുന്നത് കൈവശമുള്ള പഴയ ബസുകൾ

രൂപമാറ്റം വരുത്തിയ ബസുകൾ ഭക്ഷണ വിതരണത്തിന് സജ്ജമാക്കുന്ന ഫുഡ് ട്രക്ക് പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. കൈവശമുള്ള പഴയ ബസുകളായിരിക്കും ഫുഡ് ട്രക്കുകളായി രൂപമാറ്റം വരുത്തുക. തിരക്കേറിയ തെരുവുകളിലും ബസ് സ്റ്റാൻഡുകളിലുമെല്ലാം ഭക്ഷണ വിതരണത്തിന് ഇത്തരം വാഹനങ്ങൾ ഉപയോഗിക്കും.

രൂപമാറ്റം വരുത്തിയ ബസുകൾ ഭക്ഷണ വിതരണത്തിനായി ലേലം ചെയ്ത് നൽകാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ സർക്കാർ, സഹകരണ സ്ഥാപനങ്ങൾക്കായിരിക്കും മുൻഗണന. 150 ബസായിരിക്കും ആദ്യഘട്ടത്തിൽ രൂപമാറ്റം വരുത്തുക. കോവിഡ് വ്യാപിക്കുന്നതിന് മുമ്പ്‌ ദിനംപ്രതി 30 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്തിരുന്നത്. ബസ് യാത്രക്കാർക്ക് നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

മോട്ടോർ വാഹന വകുപ്പിന്‍റെ അനുമതി ലഭ്യമാകുന്നതനുസരിച്ച് ബസ് സ്റ്റാൻഡുകൾക്ക് പുറത്തും കെ.എസ്.ആർ.ടി.സി ഫുഡ് ട്രക്ക് എത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. പദ്ധതിയുടെ താൽപര്യപത്രം ഉടൻ ക്ഷണിക്കുമെന്ന് എം.ഡി ബിജു പ്രഭാകർ പറഞ്ഞു. സഞ്ചരിക്കുന്ന ഭക്ഷണശാലകൾ എന്ന നിലയിലും സ്ഥിരം ഒരു സ്ഥലത്ത് നിർത്തിയിടുന്ന നിലയിലും ഫുഡ് ട്രക്കുകൾ ഉണ്ടാവും. ഇത്തരം ഭക്ഷണശാലകളെ ഓൺലൈൻ ശൃംഖലകളുമായി ബന്ധപ്പെടുത്താനും കഴിയും.

അതേപോലെ തന്നെ ജീവനക്കാർക്ക് വിശ്രമമുറി ഇല്ലാത്ത ഡിപ്പോകളിൽ ബസുകൾ രൂപമാറ്റം വരുത്തി താമസ സൗകര്യം ഒരുക്കാനും പദ്ധതിയുണ്ട്. നിലവിൽ കാലാവധി കഴിഞ്ഞ ബസുകൾ സ്ക്രാപ്പ് ചെയ്യുമ്പോൾ കുറഞ്ഞ തുകയാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നത്. അതിനാൽ കാലാവധി കഴിഞ്ഞ ബസുകൾ രൂപമാറ്റം വരുത്തി ജീവനക്കാർക്ക് വിശ്രമ സൗകര്യം ഒരുക്കാനാണ് പദ്ധതി.

ഒരു ബസിൽ 16 ബർത്തും ആവശ്യമായ ലോക്കറുകളും വാഷ് ബേസിൻ സൗകര്യവുമുണ്ടാകും. പൂർണമായും എയർ കണ്ടീഷൻഡ് ആയിരിക്കും ബസുകൾ. ഡിപ്പോയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് ഈ ബസുകൾ പാർക്ക് ചെയ്യും. എറണാകുളം യൂണിറ്റിൽ പദ്ധതി ഉടൻ നടപ്പാക്കും. കരിപ്പുർ വിമാനത്താവളത്തിലെ ഡ്രൈവർമാരുടെ വിശ്രമത്തിനായി ബസ് രൂപമാറ്റം വരുത്തുന്ന പ്രവർത്തനം ഉടൻ പൂർത്തിയാകും.

0Shares