
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് വീണ്ടും പുക ഉയർന്നത് ആശങ്ക ഉയർത്തി. മെഡിക്കൽ കോളേജിലെ ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്. ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി തീ പടർന്ന് പിടിക്കുന്നത് ഒഴിവാക്കി. തീപിടിത്തമാണ് പുക ഉയരാൻ കാരണമെന്ന് വ്യക്തമായി. വയറിങ് സംവിധാനത്തിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ആറാം നിലയിൽ നിലവിൽ രോഗികൾ ഉണ്ടായിരുന്നില്ല. ഈ നിലയിലെ ഓപ്പറേഷൻ തിയറ്റർ പ്രവർത്തന സജ്ജമാക്കുന്നതിൻ്റെ ഭാഗമായി ഇലക്ട്രിക്കൽ വിഭാഗം പരിശോധിക്കുന്നതിനിടയായിരുന്നു ഷോർട്ട് സർക്യൂട്ട് ഉണ്ടായത്. ഗുരുതരമായ പ്രശ്നനങ്ങൾ ഇല്ല എന്ന് അധികൃതർ വ്യക്തമാക്കി. മെയ് രണ്ടിന് രാത്രിയും കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് പുക ഉയർന്നിരുന്നു. ബാറ്ററികൾ പൊട്ടിത്തെറിച്ചാണ് അന്ന് അപകടമുണ്ടായത്. പുക ഉയർന്നത്തോടെ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. രോഗികളെ മാറ്റുന്നതിനിടെ നാലുപേർക്കാണ് അന്നേദിവസം ജീവൻ നഷ്ടമായത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം കരുതിക്കൂട്ടി നടത്തുന്ന അട്ടിമറിയാണോ എന്നതും സംശയിക്കുന്നുണ്ട്. നാലുപേരുടെ മരണത്തിലും അന്വേഷണം നടക്കുകയാണ്. ഇന്നത്തെ സംഭവവും സർക്കാരിനും ആരോഗ്യ വിഭാഗത്തിനും വലിയ തലവേദനയാണുണ്ടാക്കുന്നത്.
