Trending News





സംസ്ഥാനത്ത് കോവിഡ് മരണത്തിൽ ഉൾപ്പെടുത്താനും മരണ സർട്ടിഫിക്കറ്റിനും നാളെമുതൽ അപേക്ഷ നൽകാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കേരള സർക്കാർ കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ യും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്.
Also Read
ഐ.സി.എം.ആർ. പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സർക്കാർ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റിൽ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവർക്കും, പുതിയ സംവിധാനം വഴി അപ്പീൽ സമർപ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അറിയാത്തവർക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റർ വഴിയോ ആവശ്യമായ രേഖകൾ നൽകി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകൾ വിശദ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഓൺലൈനിലൂടെ തന്നെയാണ് അപേക്ഷയിൽ തീരുമാനമെടുക്കുക. അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കും.
ആദ്യമായി ചെയ്യേണ്ടത്?
ഇ-ഹെൽത്ത് കോവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടൽ മുഖേനയാണ് മരണ നിർണയത്തിനും സർട്ടിഫിക്കറ്റിനുമായി അപേക്ഷിക്കേണ്ടത്. ആദ്യമായി കോവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടലിൽ http://(https://covid19.kerala.gov.in/deathinfo) കയറി കോവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റിൽ പേര് ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഇതിൽ ഉൾപ്പെടാത്തവർ ഉണ്ടെങ്കിൽ മാത്രം അപേക്ഷിച്ചാൽ മതിയാകും.
എങ്ങനെ അപേക്ഷിക്കണം?
ആദ്യമായി https://covid19.kerala.gov.in/deathinfo എന്ന ലിങ്കിൽ കയറി അപ്പീൽ റിക്വസ്റ്റിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ കാണുന്ന പേജിൽ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് ഒ.ടി.പി. നമ്പറിനായി ക്ലിക്ക് ചെയ്യുക. മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി. നമ്പർ നൽകി വെരിഫൈ ക്ലിക്ക് ചെയ്യണം. ഇനി വരുന്ന പേജിൽ കൃത്യവിവരങ്ങൾ നൽകേണ്ടതാണ്. തദ്ദേശ സ്ഥാപനത്തിൻ്റെ മരണ രജിസ്‌ട്രേഷൻ കീ നമ്പർ ടൈപ്പ് ചെയ്ത് മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി അപ് ലോഡ് ചെയ്യണം.
മരണ സർട്ടിഫിക്കറ്റിലെ ഇടതുവശത്ത് മുകളിൽ ആദ്യം കാണുന്നതാണ് കീ നമ്പർ. തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലഭിച്ച മരണ സർട്ടിഫിക്കറ്റിലെ പേര്, വയസ്സ്, ജെൻഡർ, പിതാവിന്റേയോ മാതാവിന്റേയോ ഭർത്താവിൻ്റെയോ പേര്, ആശുപത്രി രേഖകളിലെ മൊബൈൽ നമ്പർ, തദ്ദേശ സ്ഥാപനത്തിലെ മരണ സർട്ടിഫിക്കറ്റിലെ വിലാസം, ജില്ല- തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻ്റെ പേര്, മരണ ദിവസം, മരണ സ്ഥലം, മരണം റിപ്പോർട്ട് ചെയ്ത ജില്ല, മരണ സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശ സ്ഥാപനത്തിൻ്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രിയുടെ പേര് എന്നിവ നൽകണം. ഇതോടൊപ്പം ബന്ധപ്പെട്ട ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപ്ലോഡ് ചെയ്യണം. അവസാനമായി അപേക്ഷകൻ്റെ വിവരങ്ങളും നൽകണം.
അപേക്ഷകൻ നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷം സബ്മിറ്റ് ചെയ്യണം. വിജയകരമായി അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷാ നമ്പർ അപേക്ഷകൻ്റെ മൊബൈൽ നമ്പറിലേക്ക് വരുന്നതാണ്. വിജയകരമായി സമർപ്പിച്ച അപേക്ഷ പ്രോസസിംഗിനായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടർന്ന് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ നിർണയ സമിതിക്കും (സി.ഡി.എ.സി) അയക്കും. പുതിയ ഐ.സി.എം.ആർ മാർഗനിർദ്ദേശമനുസരിച്ച് ജില്ലാ കോവിഡ് മരണ നിർണയ സമിതി (സി.ഡി.എ.സി) അംഗീകാരത്തിന് ശേഷം പുതിയ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

നൽകിയ അപേക്ഷയുടെ സ്ഥിതിയറിയാൻ?
അപ്പീൽ റിക്വസ്റ്റിൽ ക്ലിക്ക് ചെയ്ത് ചെക്ക് യുവർ റിക്വസ്റ്റ് സ്റ്റാറ്റസിൽ കയറിയാൽ നൽകിയ അപേക്ഷയുടെ സ്ഥിതിയറിയാവുന്നതാണ്. മരണ ദിവസവും അപേക്ഷാ നമ്പരോ അല്ലെങ്കിൽ മുമ്പ് നൽകിയ അപേക്ഷകൻ്റെ മൊബൈൽ നമ്പരോ നിർബന്ധമായും നൽകണം. ശരിയായ വിവരങ്ങൾ നൽകിയാൽ അപേക്ഷയുടെ സ്ഥിതിയറിയാൻ സാധിക്കും.
ഐ.സി.എം.ആർ. മാതൃകയിൽ സർട്ടിഫിക്കറ്റിനായി എങ്ങനെ അപേക്ഷിക്കണം?
https://covid19.kerala.gov.in/deathinfo എന്ന ലിങ്കിൽ കയറുക. ഐ.സി.എം.ആർ. സർട്ടിഫിക്കറ്റ് റിക്വസ്റ്റിൽ ക്ലിക്ക് ചെയ്യുക. പഴയതുപോലെ മൊബൈൽ നമ്പരും ഒ.ടി.പി. നമ്പരും നൽകണം. തദ്ദേശ സ്ഥാപനത്തിൻ്റെ മരണ രജിസ്‌ട്രേഷൻ കീ നമ്പർ ടൈപ്പ് ചെയ്ത് മരണ സർട്ടിഫിക്കറ്റിൻ്റെ കോപ്പി അപ്ലോഡ് ചെയ്യണം. കൂടാതെ ഇതിന് മുമ്പ് ആരോഗ്യ വകുപ്പിൽ നിന്നും കിട്ടിയ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് നമ്പരും സർട്ടിഫിക്കറ്റിൻ്റെ കോപ്പിയും നൽകണം. സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശ സ്ഥാപനത്തിൻ്റെ പേര്, തദ്ദേശ സ്ഥാപനത്തിൽ നിന്നും ലഭിച്ച മരണ സർട്ടിഫിക്കറ്റിലെ പേര്, പിതാവിന്റേയോ മാതാവിന്റേയോ ഭർത്താവിന്റേയോ പേര്, വയസ്, മരണ ദിവസം, മരണം റിപ്പോർട്ട് ചെയ്ത ജില്ല, മരണ സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശ സ്ഥാപനത്തിൻ്റെ പേര്, അപേക്ഷകന്റെ വിവരം എന്നിവ നൽകണം. വേണ്ട തിരുത്തലുകൾ വരുത്തി സബ്മിറ്റ് ചെയ്യാം. വിജയകരമായി സമർപ്പിച്ചവരുടെ മൊബൈൽ നമ്പരിൽ അപേക്ഷാ നമ്പർ ലഭിക്കും. ഇത് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ നിർണയ സമിതിക്ക് (സിഡിഎസി) അയച്ച ശേഷം ഐസിഎംആർ മാർഗനിർദ്ദേശമനുസരിച്ച് പുതിയ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.

Sorry, there was a YouTube error.