പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യ : ഭര്‍ത്താവ് വിജീഷ് അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing പയ്യന്നൂരിലെ സുനീഷയുടെ  ആത്മഹത്യ : ഭര്‍ത്താവ് വിജീഷ് അറസ്റ്റില്‍

പയ്യന്നൂര്‍ കോറോത്ത് ഭര്‍ത്താവിന്‍റെ വീട്ടില്‍ ആത്മഹത്യ ചെയ്ത സുനീഷയുടെ ഭര്‍ത്താവ് വിജീഷിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യെയാണ് കഴിഞ്ഞയാഴ്ച ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന സുനീഷയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിരുന്നു.

സുനീഷയും ഭര്‍ത്താവ് വിജീഷും തമ്മിലുള്ള സംഭാഷണത്തിന്‍റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാന്‍ അനുവദിക്കണമെന്ന് സുനീഷ ആവശ്യപ്പെടുന്നതും ഭര്‍ത്താവ് വിജീഷ് അത് എതിര്‍ക്കുന്നതുമാണ് ശബ്ദരേഖയില്‍ ഉള്ളത്. സുനീഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഭര്‍ത്താവ് വിജീഷില്‍ നിന്നും ഭര്‍ത്താവിന്‍റെ മാതാപിതാക്കളില്‍ നിന്നും യുവതി മര്‍ദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഫോണ്‍ സംഭാഷണവും നേരത്തെ പുറത്ത് വന്നിരുന്നു. ഞായറാഴ്ച വൈകുന്നേരം നാലരക്കാണ് വെള്ളൂര്‍ ചേനോത്തെ വിജീഷിന്‍റെ ഭാര്യ സുനീഷയെ ഷാളുപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഒന്നര വര്‍ഷം മുമ്പാണ് വിജീഷും സുനീഷയും വിവാഹിതരായത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാതെ പയ്യന്നൂര്‍ പോലീസ് ഇരുവീട്ടുകാരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഇതിന് ശേഷം മര്‍ദ്ദനം തുടര്‍ന്നെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്ന യുവതിയുടെ ഓഡിയോ സന്ദേശത്തിലുള്ളത്.

0Shares