Categories
Kerala local news news

ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ അടിയന്തിര സഹായം കൈമാറി; മകൾ നവമിയുടെ ചികിത്സ ഏറ്റെടുക്കും, മകന് സർക്കാർ ജോലി; കുടുംബത്തിനുള്ള സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കും; സർക്കാർ വീഴ്ചയിൽ മന്ത്രിയുടെ രാജി..?

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ അടിയന്തിര സഹായം കൈമാറി. അമ്പതിനായിരം (50,000/-) രൂപ മന്ത്രി വാസവൻ ബിന്ദുവിൻ്റെ വീട്ടിലെത്തിയാണ് കുടുംബത്തിന് കൈമാറിയത്. കുടുംബത്തിൻ്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ബിന്ദുവിൻ്റെ മകൾ നവമിയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മകന് മെഡിക്കൽ കോളേജിൽ താത്കാലിക ജോലി നൽകും. കുടുംബത്തിനുള്ള സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. മകന് നൽകുന്ന താത്ക്കാലിക ജോലി സ്ഥിരപ്പെടുത്തുന്ന കാര്യം മന്ത്രിസഭ ചേര്‍ന്ന് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം മന്ത്രി വീണ ജോർജിന് എതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ നടത്തുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വലിയ വീഴ്ച്ച സംഭവിച്ചതായാണ് പ്രതിപക്ഷ ആരോപണം. ബിന്ദുവിൻ്റെ ഭര്‍ത്താവ് വിശ്രുതനെ ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംസാരിച്ചു. മരണത്തില്‍ മന്ത്രി ദുഃഖം രേഖപ്പെടുത്തി. രണ്ട് ദിവസത്തിനകം വീട്ടില്‍ എത്താമെന്ന് മന്ത്രി വിശ്രുതനെ അറിയിച്ചു. അതേസമയം സംസ്‌കാരചടങ്ങില്‍ മന്ത്രി അടക്കമുള്ളവര്‍ പങ്കെടുക്കാത്തത് പ്രതിപക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest