
കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് മിഷന്‍ ഇക്കണോമി ജനുവരി 11 ന് ബോവിക്കാനം എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നടത്തുന്ന തൊഴില്‍ മേളയുടെ സാധ്യതകള്‍ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രവീര്‍ ചന്ദ് പറഞ്ഞു. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ ഡിജിറ്റല്‍ വര്‍ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി.ഡബ്ല്യൂ.എം.എസ്) ല്‍ രജിസ്റ്റര്‍ ചെയ്യണം.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷന്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗായിട്ടാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട്് 6 വരെയാണ് തൊഴില്‍ മേള . രണ്ടായിരത്തോളം അവസരങ്ങളാണ് മേളയില്‍ തൊഴിലന്വേഷകരെ കാത്തിരിക്കുന്നത്.
ഐ.ടി, എന്‍ജിനീയറിങ്, ടെക്‌നിക്കല്‍ ജോബ്‌സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, മൊബൈല്‍, മെഡിക്കല്‍, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീടെയ്ല്‍, ഫിനാന്‍സ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കിങ്, മാര്‍ക്കറ്റിങ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എജുക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിങ്, അഡ്മിനിസ്‌ട്രേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, നികുതി തുടങ്ങിയ മേഖലകളിലെ 100 ലധികം കമ്പനികളിലായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി.ഡബ്ല്യു.എം.എസ്) എന്ന പ്ലാറ്റ്‌ഫോം വഴിയാണ് തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള ഉദ്യോഗാര്‍ഥികളെയും സേവനം ആവശ്യമുള്ള തൊഴില്‍ ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് കെ ഡിസ്‌കും കേരള നോളേജ് മിഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ .
തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ജോബ് റെഡിനെസ്സ് , ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവയില്‍ മൂന്ന് മണിക്കൂര്‍ സൗജന്യ പരിശീലനവും കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കരിയര്‍ മെച്ചപ്പെടുത്താനും അനുയോജ്യമായ ജോലിയില്‍ പ്രവേശിക്കാനും തൊഴില്‍ മേള അവസരമൊരുക്കും. തൊഴില്‍ അന്വേഷകര്‍ knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 0471 2737881.
