കേന്ദ്രം പച്ചക്കൊടി വീശി; സര്‍ക്കാര്‍ മനസുവെച്ചാല്‍ വൈകാതെ കേരളം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാകും

  • Post category:business / Kerala / news
  • Reading time:2 mins read
You are currently viewing കേന്ദ്രം പച്ചക്കൊടി വീശി; സര്‍ക്കാര്‍ മനസുവെച്ചാല്‍ വൈകാതെ കേരളം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാകും

തിരുവനന്തപുരം: സസ്യശ്യാമള കോമളമെന്നൊക്കെ നമ്മള്‍ സ്വന്തം നാടിനെ കുറിച്ച്‌ പറയുമെങ്കിലും മൂന്നുനേരവും കഴിക്കുന്ന ആഹാരത്തില്‍ ഉള്‍പ്പെടുന്ന പച്ചക്കറി മുതല്‍ അരിയും ഗോതമ്പും വരെ മറ്റു നാടുകളില്‍ നിന്ന് ലോറി കയറി വരണം. ഇപ്പോള്‍ നമ്മുടെ സംസ്ഥാനം കടക്കെണിയിലാണ്. ശമ്പളവും പെന്‍ഷനും നല്‍കാനും വരെ കടം വാങ്ങേണ്ട സ്ഥിതി. ഇനിയെങ്കിലും വളര്‍ച്ചയ്ക്ക് വേണ്ട സ്രോതസുകള്‍ കണ്ടെത്താന്‍ പുതിയ മാർഗം നോക്കേണ്ടിയിരിക്കുന്നു.

ഇതില്‍ ഏറ്റവും വലിയ സമ്പത്ത് കരിമണലാണ്. അതുപയോഗിച്ച്‌ പണമുണ്ടാക്കാന്‍ നിര്‍ഭാഗ്യവശാല്‍ യാതൊരു പദ്ധതിയും ആസൂത്രണം ചെയ്തിട്ടില്ല. ഇരുട്ടില്‍ ഒരു ചെറിയ വെളിച്ചം പോലെ വൈദ്യുതി വകുപ്പ് ഒരു പദ്ധതി തയ്യാറാക്കിയത് സ്വാഗതാര്‍ഹമാണ്. കേരളത്തിൻ്റെ ക‌ടല്‍ത്തീരത്ത് ലഭ്യമായ തോറിയത്തില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.

സംസ്ഥാന വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി കേന്ദ്ര ഊർജമന്ത്രി ആര്‍.കെ സിംഗുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചത്.

കേരള തീരത്തെ കരിമണലില്‍ രണ്ടുലക്ഷം ടണ്‍ തോറിയം നിക്ഷേപാം ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് വേര്‍തിരിച്ചെടുത്ത് കല്‍പ്പാക്കം ആണവ നിലയത്തില്‍ ആരംഭിച്ച 30 മെഗാവാട്ട് തോറിയം പ്ലാന്റിൽ എത്തിച്ച്‌ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉത്‌പാദിപ്പിക്കാനാവും. ഈ അവസരത്തില്‍ കരിമണല്‍ മേഖലയിലെ മറ്റ് വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ ആക്കം കൂട്ടണം.

ചവറയിലെ മിനറല്‍സ് കമ്പനിക്ക് ചുറ്റും സ്ഥലം വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാണെങ്കിലും ഏറ്റെടുക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോവുകയാണ്. കരിമണലിനെ സംബന്ധിച്ച്‌ നിധി കാക്കുന്ന ഭൂതമായാണ് എല്ലാ സര്‍ക്കാരുകളും കാണുന്നത്. ഈ നില മാറണം.

സര്‍ക്കാരിന് മാത്രം കഴിയില്ലെങ്കില്‍ സ്വകാര്യ മേഖലയുടെ പിന്തുണയും തേടാവുന്നതാണ്. ഇന്ത്യയിലെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള സംസ്ഥാനമായി മാറാന്‍ കേരളത്തിന് കരിമണലും ടൂറിസം വികസനവും മാത്രം മതിയാകും.

ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തില്‍ മുന്‍കൂട്ടി പദ്ധതികള്‍ ആവിഷ്കരിച്ചില്ലെങ്കില്‍ വിദേശത്ത് നിന്നുള്ള പണമൊഴുക്ക് നിലച്ചാല്‍ കേരളം പാപ്പരാകും. വിവാദങ്ങള്‍ ഭയന്ന് കേരളത്തിൻ്റെ ആത്യന്തികമായ വികസനത്തിന് നാഴികക്കല്ലായി മാറാനിടയുള്ള മേഖലകള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കരുത്. തോറിയത്തെ കേരളത്തിൻ്റെ വെളിച്ചമാക്കി മാറ്റാനുള്ള വൈദ്യുതി വകുപ്പിൻ്റെ പദ്ധതി വലിയ ഒരു മാറ്റത്തിൻ്റെ തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കാം.

0Shares